രാജ്യത്തെ 300-ലേറെ ആഡംബര ഹോട്ടലുകളിൽ താമസിച്ച് പണമടക്കാതെ മുങ്ങിയ ആളാണ് പ്രതിയെന്നും റായ്പുരിലെ ഹയാത്ത് ഹോട്ടലിലെ കേസിലാണ് ഇയാളെ അറസ്റ്റ്ചെയ്തതെന്നും പൊലീസ് പറഞ്ഞു. 2022-ൽ കേരളത്തിലും സമാനകേസിൽ ഇയാൾ അറസ്റ്റിലായിരുന്നു.
റായ്പുർ: മൂന്നുപതിറ്റാണ്ടായി രാജ്യത്തെ മുന്നൂറിലേറെ ആഡംബര ഹോട്ടലുകളിൽ താമസിച്ച് പണമടക്കാതെ മുങ്ങി തട്ടിപ്പ് നടത്തിയ 69-കാരൻ വീണ്ടും പിടിയിലായി. തമിഴ്നാട് സ്വദേശിയായ ബിങ്സൺ ജോണിനെയാണ് ഛത്തീസ്ഗഢിലെ റായ്പുർ പൊലീസ് ഒഡീഷയിൽനിന്ന് അറസ്റ്റ്ചെയ്തത്. രാജ്യത്തെ 300-ലേറെ ആഡംബര ഹോട്ടലുകളിൽ താമസിച്ച് പണമടക്കാതെ മുങ്ങിയ ആളാണ് പ്രതിയെന്നും റായ്പുരിലെ ഹയാത്ത് ഹോട്ടലിലെ കേസിലാണ് ഇയാളെ അറസ്റ്റ്ചെയ്തതെന്നും പൊലീസ് പറഞ്ഞു. 2022-ൽ കേരളത്തിലും സമാനകേസിൽ ഇയാൾ അറസ്റ്റിലായിരുന്നു.
വ്യാജ തിരിച്ചറിയൽ രേഖകളടക്കം ഹാജരാക്കി പഞ്ചനക്ഷത്ര ഹോട്ടലുകളിൽ മുറിയെടുക്കുന്നതാണ് ജോണിന്റെ പതിവ്. ടൂറിസ്റ്റ് ഗൈഡ്, ഇംഗ്ലീഷ് അധ്യാപകൻ, യോഗ പരിശീലകൻ എന്നിങ്ങനെയെല്ലാമാണ് പ്രതി ഹോട്ടലുകളിൽ സ്വയം പരിചയപ്പെടുത്താറുള്ളത്. തുടർന്ന് ദിവസങ്ങളോളം ഹോട്ടലിൽ താമസിച്ച് ഭക്ഷണവും കഴിച്ചശേഷം ബില്ലടയ്ക്കാതെ അപ്രത്യക്ഷമാകുന്നതാണ് രീതി. ഇതിനിടെ ചില ഹോട്ടലുകളിൽനിന്ന് വിലയേറിയ പലവസ്തുക്കളും ഇയാൾ മോഷ്ടിച്ചിരുന്നു.
റായ്പുരിലെ ഹയാത്ത് ഹോട്ടലിലും സമാനരീതിയിലാണ് പ്രതി മുറിയെടുത്തത്. രണ്ടുദിവസത്തെ താമസത്തിന് ഏകദേശം 63,755 രൂപയായിരുന്നു ഇവിടുത്തെ ബിൽതുക. എന്നാൽ, ഈ പണം നൽകാതെ മുങ്ങിയ പ്രതി ഹോട്ടലിൽനിന്ന് 1.48 ലക്ഷം രൂപ വിലയുള്ള ഒരു ലാപ്ടോപ്പും കവർന്നിരുന്നു. സംഭവത്തിൽ ഹോട്ടൽ അധികൃതരുടെ പരാതിയിലാണ് റായ്പുർ പൊലീസ് അന്വേഷണം ആരംഭിച്ചത്. പ്രതിയുടെ മൊബൈൽഫോൺ വിവരങ്ങളും മറ്റും പരിശോധിച്ച പൊലീസ് സംഘം, ഇയാൾ ഒഡീഷയിലെ ഭുവനേശ്വറിലുണ്ടെന്ന് കണ്ടെത്തി. തുടർന്ന് ഇവിടെയെത്തിയാണ് കസ്റ്റഡിയിലെടുത്തത്. ഹോട്ടലിൽനിന്ന് മോഷ്ടിച്ച ലാപ്ടോപ്പും പ്രതിയിൽനിന്ന് കണ്ടെടുത്തു.
1990 മുതൽ ഇത്തരത്തിൽ ഹോട്ടലുകളിൽ തട്ടിപ്പ് നടത്താറുണ്ടെന്നാണ് പ്രതി നൽകിയ മൊഴി. 2022-ൽ തിരുവനന്തപുരത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ സമാനരീതിയിൽ തട്ടിപ്പ് നടത്തിയ ഇയാളെ പിന്നീട് കൊല്ലം റെയിൽവേ സ്റ്റേഷനിൽവെച്ച് പൊലീസ് പിടികൂടിയിരുന്നു.
ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ പ്രതി അവിവാഹിതനാണെന്ന് പൊലീസ് പറഞ്ഞു. 1980-കളിൽ ഡൽഹിയിൽ ടൂറിസ്റ്റ് ഗൈഡായി ഇയാൾ ജോലിചെയ്തിരുന്നു. ഗൈഡായി ജോലിചെയ്യുന്നതിനിടെ പല ഹോട്ടലുകളും ഇയാൾക്ക് സൗജന്യ താമസം അനുവദിച്ചിരുന്നു. ഒരിക്കൽ ഡൽഹിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലെ ജീവനക്കാരിൽനിന്ന് ഇയാൾക്ക് അപമാനം നേരിട്ടു. ഇതോടെയാണ് പഞ്ചനക്ഷത്ര ഹോട്ടലുകളെ കബളിപ്പിച്ച് ഇത്തരം തട്ടിപ്പ് ആരംഭിച്ചതെന്നും പൊലീസ് പറഞ്ഞു.
1996-ലാണ് ജോൺ ആദ്യം അറസ്റ്റിലായത്. തുടർന്ന് തിഹാർ ജയിലിലായി. 15 വർഷത്തിനിടെ കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലായി സമാനകേസുകളിൽ പിടിക്കപ്പെട്ടു. എന്നാൽ, ഈ കേസുകളിലെല്ലാം പിന്നീട് ജാമ്യത്തിലിറങ്ങിയ ശേഷം സമാന തട്ടിപ്പ് തുടർന്നു. സീരിയൽ കില്ലറും കുപ്രസിദ്ധ തട്ടിപ്പുകാരനുമായ ചാൾസ് ശോഭരാജാണ് തനിക്ക് പ്രചോദനമെന്നായിരുന്നു ചോദ്യംചെയ്യലിൽ ജോണിന്റെ മൊഴി. ചാൾസ് ശോഭരാജ് വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് നടത്തുന്ന ആൾമാറാട്ടമാണ് താനും പിന്തുടരുന്നതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞിരുന്നു.


