സംസ്ഥാനത്തേക്ക് വീശിയടിക്കുന്ന ബിപോർജോയ് ചുഴലിക്കാറ്റിന്‍റെ കേന്ദ്രസ്ഥാനത്തിന് 50 കിലോമീറ്റർ വ്യാസമുണ്ടെന്നും വ്യക്തമായി

അഹമ്മദാബാദ്: ബിപോർജോയ് ചുഴലിക്കാറ്റിനെ തുടർന്നുള്ള കാറ്റിലും മഴയിലും ഗുജറാത്തിൽ വ്യാപക നാശനഷ്ടം. ഗുജറാത്തിലെ തീരമേഖലകളില്‍ മരങ്ങള്‍ കടപുഴകി വീണു. ശക്തമായി കാറ്റടിച്ച് പലയിടത്തും വീടുകൾ തകർന്നുപോയി. ദ്വാരകയില്‍ പരസ്യബോര്‍ഡുകള്‍ തകർന്നു വീണു. അതിനിടെ സംസ്ഥാനത്ത് വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ചിലയിടങ്ങില്‍ 25 സെന്റിമീറ്റർ വരെ മഴ പെയ്യാമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

സംസ്ഥാനത്തേക്ക് വീശിയടിക്കുന്ന ബിപോർജോയ് ചുഴലിക്കാറ്റിന്‍റെ കേന്ദ്രസ്ഥാനത്തിന് 50 കിലോമീറ്റർ വ്യാസമുണ്ടെന്നും വ്യക്തമായി. ചുഴലിക്കാറ്റ് കരതൊട്ടതിന് പിന്നാലെ ഗാന്ധിനഗറില്‍ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്‍റെ അധ്യക്ഷതയില്‍ സുരക്ഷ വിലയിരുത്താൻ യോഗം ചേർന്നു. ബിപോർജോയ് ചുഴലിക്കാറ്റിന്‍റെ കേന്ദ്രസ്ഥാനവും ഗുജറാത്ത് തീരത്തോട് അടക്കുന്നുവെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. ഗുജറാത്ത് തീരത്തിന് 40 കിലോമീറ്റർ അകലെയാണ് ഇപ്പോൾ ചുഴലിക്കാറ്റിന്റെ കേന്ദ്രസ്ഥാനം. 

മണിക്കൂറിൽ 125 കിലോമീറ്റർ വരെ വേഗതയിലാണ് ബിപോർജോയ് ചുഴലിക്കാറ്റ് വീശിയടിക്കുന്നത്. കാറ്റഗറി മൂന്നിൽപെടുന്ന അതി തീവ്ര ചുഴലിക്കാറ്റായി എത്തുന്ന ബിപോർജോയുടെ സഞ്ചാരപാതയിൽ നിന്ന് ഒരു ലക്ഷം പേരെ ഒഴിപ്പിച്ചിട്ടുണ്ട്. ഇവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ഗുജറാത്തിന്റെ തീരമേഖലയിലെ എട്ടു ജില്ലകളിലെ 120 ഗ്രാമങ്ങളിൽ കാറ്റ് കനത്ത നാശമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മൂന്നു സൈനിക വിഭാഗങ്ങളും സർവ്വസജ്ജരാണ്. ഭക്ഷണവും മരുന്നുമായി മൂന്നു കപ്പപ്പലുകൾ നാവികസേന ഒരുക്കി നിർത്തിയിട്ടുണ്ട്. ഗുജറാത്തിന്റെ തീരമേഖലയിൽ വ്യോമ, റെയിൽ, റോഡ് ഗതാഗതം നിർത്തിവെച്ചിരിക്കുകയാണ്.

ഗുജറാത്തിലെ കച്ച്, ദേവ്ഭൂമി, ദ്വാരക, ജാംനഗർ മേഖലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പുള്ളത്. പോർബന്ദർ, രാജ്കോട്ട്, മോർബി, ജുനഗഡ് മേഖലകളിൽ ശക്തമായ മഴ പെയ്യുമെന്നും അറിയിപ്പുണ്ട്. കച്ച് മേഖലയിൽ മാത്രം ഏതാണ്ട് അര ലക്ഷത്തിലധികം ആളുകളെ മാറ്റിയിട്ടുണ്ട്. ഇവിടെ കർഫ്യു ഏർപ്പെടുത്തിയിട്ടുണ്ട്. പൊതുഗതാഗതം നിരോധിച്ചിരിക്കുകയാണ്. സൗരാഷ്ട്ര - കച്ച് മേഖലയിൽ റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രക്ഷാദൗത്യം മുന്നിൽ കണ്ട് കേന്ദ്രസേനകളെ വലിയ തോതിൽ വിന്യസിച്ചിരിക്കുന്നത്. 15 എൻഡിആർഎഫ് സംഘം, 12 എസ്‌ഡിആർഎഫ് സംഘം. ഇത് കൂടാതെ സ്റ്റേറ്റ് റോഡ്സ് ആൻഡ് ബിൽഡിംഗ്, വൈദ്യുതി വിഭാഗങ്ങളിൽ നിന്നുള്ള സംഘങ്ങളും സർവസജ്ജമായി നിലയുറപ്പിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയം യൂട്യൂബിൽ കാണാം...

YouTube video player