ഭുവനേശ്വര്‍: ബിജെഡി എംപിമാര്‍ പാര്‍ലമെന്‍റിലെ പ്രകടനത്തെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ബിജെഡി നേതാവും ഒഡീഷ മുഖ്യമന്ത്രിയുമായ നവീന്‍ പട്നായിക്. സ്വന്തം മണ്ഡലത്തിലെ പ്രശ്നങ്ങളും അതിന് കണ്ടെത്തിയ പരിഹാരങ്ങളുമടക്കം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കണം.

രണ്ടുമാസത്തില്‍ ഒരിക്കലാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്. ബിജെഡിയുടെ എല്ലാ രാജ്യസഭാ-ലോകസഭാ എംപിമാര്‍ക്കും ഇക്കാര്യം വ്യക്തമാക്കി മുഖ്യമന്ത്രി കത്ത് നല്‍കിയിട്ടുണ്ട്. എംപിമാര്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് വിലയിരുത്തിയ ശേഷം മുഖ്യമന്ത്രി കൂടുതല്‍  നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കും.

രാജ്യത്തെ ജനങ്ങളുടെ ആവശ്യങ്ങളെല്ലാം ഉറപ്പാക്കാന്‍ ജനങ്ങളെ സേവിക്കുന്ന എംപിമാര്‍ പ്രതിജ്ഞാബദ്ധരാണെന്നും നവീന്‍ പട്നായിക് കത്തില്‍ വ്യക്തമാക്കി. ഓഗസ്റ്റ് മുതലാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്. ബിജെഡിക്ക് ലോകസഭയില്‍ 12 എംപിമാരും രാജ്യസഭയില്‍ 8 എംപിമാരുമാണുള്ളത്.