Asianet News MalayalamAsianet News Malayalam

'തെലങ്കാന കുത്തകയാക്കാമെന്ന് ചന്ദ്രശേഖര്‍ റാവു കരുതേണ്ട'; സര്‍വ്വകക്ഷിയോഗം ബഹിഷ്കരിച്ച ടിആര്‍എസിനെതിരെ ബിജെപി

ജി 20 ഉച്ചകോടിക്ക് മുന്നോടിയായുള്ള  സര്‍വകക്ഷിയോഗം ബഹിഷ്കരിച്ച തെലങ്കാന രാഷ്ട്ര സമിതിക്കെതിരെ ബിജെപി. തെലങ്കാന ഇന്ത്യയിലാണെന്ന കാര്യം ഓര്‍ക്കണം

bjp against TRS for boycotting all party meet called by central goverment
Author
First Published Dec 6, 2022, 12:49 PM IST

ദില്ലി: ജി 20 ഉച്ചകോടിക്ക് മുന്നോടിയായുള്ള സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കാത്തില്‍ തെലങ്കാന രാഷ്ട്ര സമിതിക്കെതിരെ ബിജെപി. തെലങ്കാന കുത്തകയാക്കാമെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു കരുതേണ്ടെന്ന് ബിജെപി പറഞ്ഞു. ഉച്ചകോടിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന  വിമര്‍ശനങ്ങള്‍ക്ക് സര്‍വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി  മറുപടി നല്‍കി. ബിജെപിയുമായി തെലങ്കാനയില്‍ തുടരുന്ന പോരില്‍ സര്‍വകക്ഷി യോഗത്തിനില്ലെന്ന്  മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു നേരത്തെ വ്യക്തമാക്കിയിരുന്നു.

നിലപാടറിയിച്ചതിന് ശേഷവും കേന്ദ്രസര്‍ക്കാര്‍ യോഗത്തിലേക്ക് ക്ഷണിച്ചു. പ്രധാന പ്രതിപക്ഷ കക്ഷികളെല്ലാം യോഗത്തില്‍ പങ്കെടുത്തെങ്കിലും ടിആര്‍എസ് ബഹിഷ്ക്കരിച്ചു. തെലങ്കാന ഇന്ത്യയിലാണെന്ന കാര്യം ഓര്‍ക്കണമെന്ന മുന്നറിയിപ്പ് നല്‍കിയാണ് ബിജെപി നടപടിയോട് പ്രതികരിച്ചത്. കേന്ദ്രസഹായം അനുവദിക്കുന്നതിലടക്കം മോദി സര്‍ക്കാര്‍  രാഷ്ട്രീയം കാണുന്നുവെന്ന ടിആര്‍എസിന്‍റെ വിമര്‍ശനങ്ങള്‍ക്കിടെയാണ് ബിജെപിയുടെ മുന്നറിയിപ്പ്.

വിവാദത്തില്‍ ടിആര്‍എസ് ഇനിയും പ്രതികരിച്ചിട്ടില്ല.യോഗത്തിനെത്തും മുന്‍പ്,  ഉച്ചകോടിയെ പ്രധാനമന്ത്രി രാഷ്ട്രീയ ആയുധമാക്കുന്നുവെന്ന ആക്ഷേപം ഉന്നയിച്ച പാര്‍ട്ടികളുടെ നേതാക്കള്‍ മോദിയുമായി നര്‍മ്മം പങ്കിടുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി.നേതാക്കള്‍ യോഗത്തില്‍ എന്തെങ്കിലും  വിമര്‍ശനം ഉന്നയിച്ച് കാണുമോയെന്ന സംശയം ഇതോടൊപ്പം ചര്‍ച്ചയാകുന്നുണ്ട്.

ഊഴമനുസരിച്ച് കിട്ടിയ അവസരമാണ് ഇന്ത്യയുടേതെന്നും, ഉച്ചകോടിയെ ബിജെപി രാഷ്ട്രീയ ആയുധമാക്കുന്നുവെന്നും ഇതിനോടകം ഉയര്‍ന്ന വിമര്‍ശനങ്ങള‍്‍ക്ക് സര്‍വകക്ഷി യോഗത്തില്‍ മോദി മറുപടി നല്‍കി.ഏതെങ്കിലും വ്യക്തിയോ രാഷ്ട്രീയപാര്‍ട്ടിയോ ഉച്ചകോടിയെ സ്വകാര്യ ലാഭത്തിനായി ഉപയോഗിക്കില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios