Asianet News MalayalamAsianet News Malayalam

'എഐഎഡിഎംകെ - ബിജെപി ബന്ധം പാറ പോലെ ഉറച്ചത്': സമവായ നീക്കവുമായി ബിജെപി

ലോക്സഭ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലെ എല്ലാ സീറ്റിലും എന്‍ഡിഎ ജയിക്കുമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് നാരായണൻ തിരുപ്പതി

BJP AIADMK Alliance is solid says bjp tamil nadu vice president SSM
Author
First Published Sep 19, 2023, 8:43 AM IST

ചെന്നൈ: എഐഎഡിഎംകെ - ബിജെപി തർക്കത്തില്‍  സമവായനീക്കം സജീവം. ഇരു പാർട്ടികൾക്കും ഇടയിലെ ബന്ധം പാറ പോലെ ഉറച്ചതാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്‌ നാരായണൻ തിരുപ്പതി പറഞ്ഞു. 

സഖ്യം തീരുമാനിക്കേണ്ടത് ബിജെപി കേന്ദ്ര നേതൃത്വവും എഐഎഡിഎംകെ ഉന്നത നേതാക്കളുമാണെന്ന് നാരായണൻ തിരുപ്പതി പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത എല്ലാ സീറ്റിലും എന്‍ഡിഎ ജയിക്കുമെന്നും നാരായണൻ തിരുപ്പതി അവകാശപ്പെട്ടു. അഭിപ്രായ വ്യത്യാസങ്ങൾ രമ്യമായി പരിഹരിക്കാൻ ബിജെപി ദേശീയ നേതൃത്വം സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈക്ക് നിർദേശം നൽകിയെന്നാണ് റിപ്പോര്‍ട്ട്. സമവായ ശ്രമവുമായി എന്‍ഡിഎ മുന്നണിയിലെ തമിഴ് മാനില കോൺഗ്രസ്സും രംഗത്തെത്തി. 

ബിജെപിയുമായി സഖ്യത്തിനില്ലെന്ന് എഐഎഡിഎംകെ വക്താവ് ഡി ജയകുമാറാണ് ഇന്നലെ ചെന്നൈയിൽ പറഞ്ഞത്. അപമാനം സഹിക്കേണ്ട ആവശ്യമില്ലെന്നും അണ്ണാ ഡിഎംകെ ഇല്ലെങ്കിൽ ബിജെപിക്ക് തമിഴ്നാട്ടിൽ നോട്ടയ്ക്ക് കിട്ടുന്ന വോട്ട് പോലും കിട്ടില്ലെന്നും അദ്ദേഹം പരിഹസിച്ചു. ഇപു പാര്‍ട്ടികളുടെയും നേതാക്കള്‍ തമ്മിലുള്ള കഴിഞ്ഞ ദിവസങ്ങളിലെ വാക്പോരിനു പിന്നാലെയാണ് പ്രഖ്യാപനം. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടതും തര്‍ക്കത്തിനു കാരണമായെന്നാണ് പാര്‍ട്ടിക്കുള്ളില്‍ നിന്നുള്ള റിപ്പോര്‍ട്ട്. 

കഴിഞ്ഞ കുറേ ദിവസങ്ങളായി ഇരു പാർട്ടികളുടെയും നേതാക്കൾ തമ്മിൽ സംസ്ഥാനത്ത് വാക്പോര് നടന്നുവരുന്നുണ്ടായിരുന്നു. കഴിഞ്ഞ ദിവസം അണ്ണാ ഡിഎംകെയുടെ പ്രധാന നേതാവ് സി ഷൺമുഖത്തിനെതിരെ, അദ്ദേഹം മന്ത്രിയായിരുന്ന കാലത്ത് അഴിമതി നടത്തിയെന്ന ആരോപണം ബിജെപി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ ഉന്നയിച്ചിരുന്നു. തുടർച്ചയായി അണ്ണാമലൈ തങ്ങളുടെ നേതാക്കളെ അപമാനിക്കുന്നുവെന്നും ഇനിയും ഇത്തരത്തിൽ അപമാനം സഹിക്കേണ്ട ആവശ്യമില്ലെന്നും അണ്ണാ ഡിഎംകെ നേതാക്കൾ പറയുന്നു. 

മുന്നണി ബന്ധം അവസാനിപ്പിക്കാനുള്ള തീരുമാനം പാർട്ടി നേതൃത്വത്തിന്റേതാണെന്ന് ജയകുമാർ വ്യക്തമാക്കി. ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് സംസ്ഥാനത്ത് എൻഡിഎ സഖ്യത്തിൽ ഭിന്നതയുണ്ടാവുന്നത്. തമിഴ്നാട്ടിൽ വൻ മുന്നേറ്റം ലക്ഷ്യമിട്ടുള്ള പ്രചാരണ പരിപാടികളുമായി മുന്നോട്ട് പോവുകയാണ് ബിജെപി. അതിനിടെയുണ്ടായ ഈ ഭിന്നിപ്പ് ദേശീയ നേതൃത്വത്തിനും തലവേദനയാണ്. 

Follow Us:
Download App:
  • android
  • ios