ദില്ലി: ബിജെപിയുടെ പുതിയ ദേശീയ ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു. എ പി അബ്ദുള്ളക്കുട്ടി പാർട്ടിയുടെ ദേശീയ ഉപാധ്യക്ഷനായി. തേജസ്വി സൂര്യ യുവമോർച്ചയുടെ പുതിയ  അദ്ധ്യക്ഷൻ. ടോം വടക്കൻ, രാജീവ് ചന്ദ്രശേഖർ  എന്നിവർ ബിജെപി ദേശീയ വക്താക്കളായി. 12 വൈസ് പ്രസിഡൻറുമാരാണ് പട്ടികയിലുള്ളത്.

23 ദേശീയ വക്താക്കളാണുള്ളത്. ദേശീയ സെക്രട്ടറിമാരുടെ പട്ടികയിലേക്ക് മലയാളിയായ അരവിന്ദ് മേനോനെയും നിയമിച്ചു. പങ്കജാ മുണ്ഡെയും ദേശീയ സെക്രട്ടറി പട്ടികയിലുണ്ട്. 13 ദേശീയ സെക്രട്ടറിമാരാണുള്ളത്.  ബിജെപിയുടെ സംസ്ഥാനമുഖങ്ങളായ നേതാക്കളെ തഴഞ്ഞാണ് ദേശീയ ഉപാധ്യക്ഷ പദവിയിലേക്ക് അബ്ദുള്ളക്കുട്ടിയെ നേതൃത്വം കൈപിടിച്ചുയര്‍ത്തിയിരിക്കുന്നത്. ഒ രാജഗോപാലിന് ശേഷം ദേശീയ ഉപാധ്യക്ഷ പദവിയിലേക്കെത്തുന്ന മലയാളിയാണ് അബ്ദുള്ളക്കുട്ടി.

മുന്‍മുഖ്യമന്ത്രിമാരായ  രമണ്‍സിംഗ്, വസുന്ധര രാജെ സിന്ധ്യ, രമണ്‍ സിംഗ് എന്നിവരടങ്ങുന്ന 12 പേരുടെ പട്ടികയിലാണ് അബ്ദുള്ളക്കുട്ടിയേയും ഉള്‍പ്പെടുത്തിയിരിക്കുന്നത്.  ബിഎല്‍ സന്തോഷ് സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി തുടരും. എട്ട് ജനറല്‍ സെക്രട്ടറിമാരെ പ്രഖ്യാപിച്ചപ്പോള്‍ രാംമാധവ്, മുരളീധര്‍റാവു എന്നിവരെ ഒഴിവാക്കി.ഇരുവരെയും ചുമതലകളില്‍ നിന്ന് മാറ്റിയതോടെ കേന്ദ്രമന്ത്രിസഭ പുനസംഘടനയും, ബിജെപി പാര്‍ലമെന്‍ററി ബോര്‍ഡ് അഴിച്ചുപണിയും വൈകാതെ ഉണ്ടാകുമെന്ന അഭ്യൂഹം ശക്തമായിരിക്കുകയാണ്.

പൂനം മഹാജന് പകരമാണ് കര്‍ണ്ണാടത്തില്‍ നിന്നുള്ള തേജസ്വി സൂര്യ യുവമോര്‍ച്ച ദേശീയ അധ്യക്ഷനാകുന്നത്.ബിജെപി സാമൂഹിക മാധ്യമ സെല്ലിന്‍റെ മേധാവിയായി അമിത് മാളവ്യ തുടരും.അമിത് മാളവ്യയെ നീക്കണമെന്നാവശ്യപ്പെട്ട്  സുബ്രഹ്മണ്യന്‍സ്വാമി എംപി നേതൃത്വത്തിന് പരാതി നല്‍കിയെങ്കിലും പരിഗണിച്ചില്ല. ദേശീയ ട്രഷറായി ഉത്തര്‍പ്രേദശില്‍ രാജേഷ് അഗര്‍വാളിനെയും നിയമിച്ചു.