വീടുകള്‍ കയറിയുള്ള ബോധവത്കരണം, സോഷ്യല്‍ മീഡിയ ഉപയോഗിച്ചുള്ള പ്രചാരണം എന്നിവക്ക് പിന്നാലെയാണ് എതിര്‍പ്രക്ഷോഭം സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്.

ദില്ലി: പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചും എതിരെയുള്ള പ്രക്ഷോഭങ്ങളെ ചെറുക്കാനും ബിജെപി നടത്തുന്ന സമര പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് നേതാക്കളെ ചുമതലപ്പെടുത്തി. ബുധനാഴ്ച ചേര്‍ന്ന ബിജെപി യോഗത്തിലാണ് നേതാക്കളെ ചുമതലപ്പെടുത്തിയത്. ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. 

ഉത്തര്‍പ്രദേശ്, ബിഹാര്‍ സംസ്ഥാനങ്ങളില്‍ അനില്‍ ജെയിനെ ചുമതലപ്പെടുത്തി. ഉത്തര്‍പ്രദേശിലാണ് പൗരത്വനിയമ ഭേദഗതിക്കെതിരെ രൂക്ഷമായ പ്രക്ഷോഭങ്ങള്‍ നടക്കുന്നത്. ഉത്തര്‍പ്രദേശിലെ പ്രക്ഷോഭങ്ങളെ ചെറുത്താല്‍ പാതി വിജയിച്ചെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ഛത്തീസ്ഗഢ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ദില്ലി സംസ്ഥാനങ്ങളില്‍ അവിനാശ് റായിക്കാണ് ചുമതല. മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ സരോജ് പാണ്ഡ‍െ സമരപരിപാടികള്‍ക്ക് മേല്‍നോട്ടം വഹിക്കും.

പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ഛണ്ഡീഗഢ്, ജമ്മു കശ്മീര്‍, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ സുരേഷ് ഭട്ടിനാണ് ചുമതല. കേരളം, തമിഴ്നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്രപ്രദേശ്, ആന്‍ഡമാന്‍, ലക്ഷദ്വീപ്, ദാമന്‍ ദിയു തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും രവീന്ദ്ര രാജുവിനാണ് ചുമതല. കിഴക്കന്‍ സംസ്ഥാനങ്ങളായ ഒഡിഷ, ഝാര്‍ഖണ്ഡ്, ബംഗാള്‍ എന്നിവിടങ്ങളില്‍ രാഹുല്‍ സിന്‍ഹ പ്രക്ഷോഭം നയിക്കും. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ അസം മന്ത്രി ബിസ്വ ശര്‍മക്കാണ് ചുമതല.

മൂന്നാഴ്ച പിന്നിട്ടിട്ടും രാജ്യമാകെ പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരത്തിന് ശമനമാകാത്ത സാഹചര്യത്തിലാണ് എതിര്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാന്‍ ബിജെപി തീരുമാനിച്ചത്. വീടുകള്‍ കയറിയുള്ള ബോധവത്കരണം, സോഷ്യല്‍ മീഡിയ ഉപയോഗിച്ചുള്ള പ്രചാരണം എന്നിവക്ക് പിന്നാലെയാണ് എതിര്‍പ്രക്ഷോഭം സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്.