Asianet News MalayalamAsianet News Malayalam

ഗാന്ധിയുടെ സമരം നാടകമെന്ന പരാമര്‍ശം: ഹെഗ്ഡേ മാപ്പ് പറയണമെന്ന് ബിജെപി

സ്വാതന്ത്ര്യ സമരം നാടകമായിരുന്നുവെന്നും, ഗാന്ധിജിയുടെ സത്യഗ്രഹം ബ്രിട്ടീഷുകാരുമായുള്ള ഒത്തുകളിയായിരുന്നുവെന്നുമാണ് നിലവിൽ ലോക്സഭാംഗമായ ഹെഡ്ഗേ പറഞ്ഞത്. ഗാന്ധി വധത്തിൽ ആർ എസ് എസിന് പങ്കില്ലെന്നും ഹെഗ്‌ഡെ കൂട്ടിച്ചേർക്കുകയുണ്ടായി

BJP asks Anant Hegde for apology over remark on  Gandhi
Author
Delhi, First Published Feb 3, 2020, 5:28 PM IST

ദില്ലി: മഹാത്മ ഗാന്ധിക്കെതിരായ പരാമര്‍ശത്തില്‍ മുന്‍ കേന്ദ്ര മന്ത്രിയും എംപിയുമായ അനന്ത് കുമാർ ഹെഗ്ഡേ നിരുപാധികം മാപ്പ് പറയണമെന്ന് ബിജെപി. പാര്‍ട്ടി എംപി ഗാന്ധിയെ അധിക്ഷേപിച്ചത് വലിയ വിവാദങ്ങള്‍ക്ക് കാരണമായതോടെയാണ് പാര്‍ട്ടി തന്നെ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.  

സ്വാതന്ത്ര്യ സമരം നാടകമായിരുന്നുവെന്നും, ഗാന്ധിജിയുടെ സത്യഗ്രഹം ബ്രിട്ടീഷുകാരുമായുള്ള ഒത്തുകളിയായിരുന്നുവെന്നുമാണ് നിലവിൽ ലോക്സഭാംഗമായ ഹെഡ്ഗേ പറഞ്ഞത്. ഗാന്ധി വധത്തിൽ ആർ എസ് എസിന് പങ്കില്ലെന്നും ഹെഗ്‌ഡെ കൂട്ടിച്ചേർക്കുകയുണ്ടായി. ഒരു നേതാക്കളും പൊലീസിന്‍റെ അടി കൊണ്ടിട്ടില്ലെന്നും, ഇന്ത്യൻ സ്വാതന്ത്ര്യ സമരം പൂർണ്ണമായും നാടകമായിരുന്നുവെന്നുമാണ് അനന്ത്കുമാർ പറഞ്ഞത്.

ബ്രിട്ടിഷുകാരുടെ അനുമതിയോട് കൂടിയുള്ള നേതാക്കളുടെ നാടകമായിരുന്നുവിതെന്നും സ്വാതന്ത്ര്യ സമരം അഡ്ജസ്റ്റ്മെന്‍റായിരുന്നുവെന്നും പറഞ്ഞ അനന്ത്കുമാർ ഗാന്ധിജിയുടെ സത്യഗ്രഹ സമരത്തെയും നാടകമെന്ന് അധിക്ഷേപിച്ചു. ഈ കോൺഗ്രസുകാർ സത്യഗ്രഹ സമരം മൂലമാണ് ഇന്ത്യക്ക് സ്വാതന്ത്യം കിട്ടിയതെന്ന് പറഞ്ഞു നടക്കുന്നത് കള്ളമാണെന്നും ബ്രിട്ടീഷുകാർ പോയത് അത് കൊണ്ടൊന്നും അല്ലെന്നും ഹെഗ്ഡേ പറഞ്ഞു.

നേരത്തെ, ഹെ‍ഗ്ഡേയുടെ പ്രസ്താവനയോട് കർണാടക ബിജെപി നേതൃത്വം അകലം പാലിച്ചിരുന്നു. പാർട്ടി ഈ പ്രസ്താവനയോടെ യോജിക്കുന്നില്ലെന്നായിരുന്നു വിശദീകരണം. ആർഎസ്എസിന് മഹാത്മ ഗാന്ധിയോട് വലിയ ബഹുമാനമാണെന്നും ഇത്തരം വിലകുറഞ്ഞ പ്രസ്താവനകളോട് യോജിക്കുന്നില്ലെന്നും ബിജെപി വക്താവ് ജി മധുസൂദനൻ വ്യക്തമാക്കി.

ഹെഗ്ഡേ വിവാദ പരാമർശങ്ങൾ നടത്തി മാധ്യമശ്രദ്ധ നേടുവാൻ ശ്രമിക്കുകയാണെന്നായിരുന്നു കോൺഗ്രസ് പ്രതികരണം. ഇപ്പോൾ അയാൾ മന്ത്രിയല്ലെന്നും, പ്രധാനമന്ത്രിയുടെ ശ്രദ്ധ പിടിച്ചുപറ്റാനാണ് ഇത്തരം അബദ്ധ പ്രസ്താവനകൾ നടത്തുന്നതെന്നും കോൺഗ്രസ് എംഎൽഎ പ്രിയങ്ക് ഖാർഗെ പറഞ്ഞു. ഖാർഗയെ ഭ്രാന്താലയത്തിലേക്ക് അയക്കണമെന്നായിരുന്നു കോൺഗ്രസ് വക്താവ് വിഎസ് ഉഗ്രപ്പയുടെ പ്രതികരണം.

Follow Us:
Download App:
  • android
  • ios