ദില്ലി: രാജ്യസഭയില്‍ കോണ്‍ഗ്രസിനേക്കാള്‍ ഇരട്ടിയിലധികം സീറ്റ് ഉറപ്പിച്ച് ബിജെപി. ഒടുവില്‍ നടന്ന രാജ്യസഭ തെരഞ്ഞെടുപ്പിലെ സീറ്റ് നേട്ടത്തോടെയാണ് ബിജെപി ആധിപത്യം ഉറപ്പിച്ചത്. നിലവില്‍ 86 അംഗങ്ങളാണ് ബിജെപിക്ക് രാജ്യസഭയിലുള്ളത്. കോണ്‍ഗ്രസിന് 41 അംഗങ്ങള്‍. 245 അംഗ രാജ്യസഭയില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎക്ക് 100 സീറ്റിനടുത്തായി. എഐഎഡിഎംകെ, ബിജെഡി, വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നിവരുടെ പിന്തുണ കൂടി ഉറപ്പാക്കിയാല്‍ രാജ്യസഭയിലെ പ്രതിപക്ഷ വെല്ലുവിളി മോദി സര്‍ക്കാറിന് മറികടക്കാനാകും.

ഒന്നാം മോദി സര്‍ക്കാറിന് രാജ്യസഭയിലെ പ്രതിപക്ഷ ശക്തിയായിരുന്നു പ്രധാന വെല്ലുവിളി. 61 രാജ്യസഭ സീറ്റിലേക്കായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ തെരഞ്ഞെടുപ്പ് പ്രഖ്യാരിച്ചിരുന്നത്. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് നീണ്ടു. 42 അംഗങ്ങള്‍ നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. മധ്യപ്രദേശിലും ഗുജറാത്തിലും കോണ്‍ഗ്രസ് അംഗങ്ങള്‍ കൂറുമാറിയതോടെയാണ് ബിജെപിക്ക് കൂടുതല്‍ സീറ്റ് ലഭിച്ചത്. മൊത്തം ബിജെപി 17 സീറ്റും കോണ്‍ഗ്രസ് ഒമ്പത് സീറ്റും നേടി. 

രാജ്യസഭ തെരഞ്ഞെടുപ്പില്‍ ബിജെപി കുതിരക്കച്ചവടം നടത്തിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറി ബിജെപിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യ, കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ എന്നിവരാണ് രാജ്യസഭയില്‍ എത്തിയ പ്രമുഖര്‍. രാജ്യസഭയില്‍ ഒറ്റക്ക് ഭൂരിപക്ഷം നേടാനുള്ള ബിജെപിയുടെ ആഗ്രഹത്തിന് നിയമസഭ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടിരുന്നു. മധ്യപ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ ഭരണം നഷ്ടപ്പെട്ടത് ബിജെപിക്ക് തിരിച്ചടിയായിരുന്നു. മധ്യപ്രദേശില്‍ പിന്നീട് ബിജെപി അധികാരം പിടിച്ചെടുത്തു.