ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടായിരുന്ന സമയത്തുപോലും ടവറിന്റെ പേര്  മാറ്റിയിട്ടില്ല. 2017ല്‍ പാകിസ്ഥാന്‍ സര്‍ക്കാരും ജിന്ന ടവറിനെ അംഗീകരിച്ച് ഔദ്യോഗികമായി ട്വീറ്റ് ചെയ്തിരുന്നു. 

ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലെ പ്രശസ്തമായ ജിന്ന ടവര്‍ സെന്ററിന്റെ (Jinnah tower centre) പേര് മാറ്റണമെന്ന ആവശ്യവുമായി ബിജെപി (BJP) ദേശീയ സെക്രട്ടറി വൈ സത്യകുമാര്‍ (Y Satyakumar). മഹാത്മാ ഗാന്ധി റോഡിലാണ് ഗുണ്ടൂരിലെ ജിന്ന ടവര്‍ സെന്റര്‍ സ്ഥിതി ചെയ്യുന്നത്. ''ടവറിന് ജിന്ന ടവര്‍ എന്ന് പേരിട്ടതിന് ശേഷം ആ പ്രദേശം ജിന്ന സെന്റര്‍ എന്നാണ് അറിയപ്പെടുന്നത്. ഇത് പാകിസ്ഥാനിലല്ല, ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലാണ്. ഒരു വഞ്ചകന്റെ പേരിലാണ് ഇപ്പോഴും ആ സ്ഥലം അറിയപ്പെടുന്നത്. എന്തുകൊണ്ട് ഡോ. കലാമിന്റെയോ ദലിത് കവി ഗുറം ജഷുവയുടേയോ പേര് നല്‍കി കൂടാ''- ബിജെപി നേതാവ് ട്വീറ്റ് ചെയ്തു. തെലങ്കാന ബിജെപി എംഎല്‍എ രാജാ സിങ്, ആന്ധ്ര ബിജെപി പ്രസിഡന്റ് സോമു വെരാജു എന്നിവരും സമാന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. 

ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടായിരുന്ന സമയത്തുപോലും ടവറിന്റെ പേര് മാറ്റിയിട്ടില്ല. 2017ല്‍ പാകിസ്ഥാന്‍ സര്‍ക്കാരും ജിന്ന ടവറിനെ അംഗീകരിച്ച് ഔദ്യോഗികമായി ട്വീറ്റ് ചെയ്തിരുന്നു. മഹാത്മതാ ഗാന്ധി റോഡില്‍ ജിന്ന ടവര്‍ നില്‍ക്കുന്നത് സമാധാനത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമാണെന്നായിരുന്നു പാകിസ്ഥാന്റെ ട്വീറ്റ്. വിദ്വേഷം പ്രചരിപ്പിച്ച് വര്‍ഗീയത സൃഷ്ടിക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ് ആരോപിച്ചു. ഇതുവരെ ആരും ഇത്തരമൊരു ആവശ്യം ഉന്നയിച്ചിട്ടില്ലെന്നും ഈ വിഷയത്തില്‍ ശക്തമായ പ്രതിഷേധമുണ്ടെന്നും വൈഎസ്ആര്‍സിപി പാര്‍ട്ടി സെക്രട്ടറിയും എംഎല്‍സിയുമായ ലെല്ല അപ്പെറെഡ്ഡി പറഞ്ഞു.

2005ലെ പാകിസ്ഥാന്‍ സന്ദര്‍ശനത്തില്‍ ബിജെപി നേതാവ് എല്‍ കെ അദ്വാനി ജിന്നയെ മതേതര സ്വാതന്ത്ര്യ സമര സേനാനിയെന്നും ഹിന്ദുക്കളുടെയും മുസ്ലീങ്ങളുടെയും അംബാസഡറെന്നും വിശേഷിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.