ശ്രീനഗര്‍: ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വോട്ട് മറിഞ്ഞു. കശ്മീരിലെ ദാല്‍ തടാകത്തിലാണ് ശിക്കാര ബോട്ട് മറിഞ്ഞത്. നേതാക്കളെ പരിസരവാസികള്‍ രക്ഷപ്പെടുത്തി. തദ്ദേശ തെരഞ്ഞെടുപ്പിന് പ്രചാരണം നടത്തിയ ബോട്ടാണ് മറിഞ്ഞത്. ബോട്ടില്‍ മാധ്യമപ്രവര്‍ത്തകരുമുണ്ടായിരുന്നു. സംസ്ഥാന ദുരന്തനിവാരണ സേനയും പൊലീസും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. ബോട്ട് മറിഞ്ഞെങ്കിലും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ബിജെപി നേതാവ് ഷഹ്നവാസ് ഹുസൈന്‍ എന്‍ഡിടിവിയോട് പറഞ്ഞു.

തടി കൊണ്ട് നിര്‍മ്മിച്ച പ്രത്യേക ബോട്ടാണ് ശിക്കാര റാലിക്ക് ഉപയോഗിച്ചിരുന്നത്. ജമ്മു കശ്മീരിന്റെ സാംസ്‌കാരിക അടയാളമാണ് ഇത്തരം ബോട്ടുകള്‍. ജമ്മുകശ്മീരില്‍ അടുത്ത ദിവസം തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ടമാണ് നടക്കുന്നത്. എട്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂറാണ് ശിക്കാര റാലിക്ക് നേതൃത്വം നല്‍കുന്നത്.