സംസ്ഥാനനേതൃത്വം സമർപ്പിച്ച പട്ടികയിലെ 20 എംഎൽഎമാരെയെങ്കിലും മാറ്റണമെന്ന നിലപാടിലാണ് ബിജെപി കേന്ദ്രനേതൃത്വം
ബംഗളൂരു:രണ്ട് ദിവസത്തിനുള്ളിൽ പത്രികാസമർപ്പണം തുടങ്ങാനിരിക്കേ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥിപ്പട്ടിക വൈകുകയാണ്. സംസ്ഥാനനേതൃത്വം സമർപ്പിച്ച പട്ടികയിലെ 20 എംഎൽഎമാരെയെങ്കിലും മാറ്റണമെന്ന നിലപാടിലാണ് ബിജെപി കേന്ദ്രനേതൃത്വം. ചർച്ചകൾ പൂർത്തിയാക്കാതെ ഇന്നലെത്തന്നെ ബി എസ് യെദിയൂരപ്പ ദില്ലിയിൽ നിന്ന് ബെംഗളുരുവിലേക്ക് മടങ്ങിയതും പാർട്ടിയിൽ നിലനിൽക്കുന്ന ഭിന്നതയുടെ കൃത്യമായ സൂചനയാണ്.
കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 168 സ്ഥാനാർഥികളുടെ പട്ടിക കോൺഗ്രസ് പുറത്തുവിട്ട് കഴിഞ്ഞു. ഡിസംബറിൽത്തന്നെ ജെഡിഎസ്സും 90 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. പത്രികാസമർപ്പണം പൂർത്തിയാക്കാൻ ഇനി 9 ദിവസം മാത്രമേയുള്ളൂ എന്നിരിക്കേ, ബിജെപി ഇതേവരെ ഒരു പേര് പോലും പുറത്തുവിട്ടിട്ടില്ല. എട്ട് ചെക്ക് കേസുകളിൽ പ്രതിയായി ശിക്ഷിക്കപ്പെട്ടയാളാണ് മുദിഗെരെ എംഎൽഎ എം പി കുമാരസ്വാമി. മക്കൾക്ക് സർക്കാർ ഫണ്ട് വകമാറ്റി നൽകിയ കേസിലെ പ്രതിയാണ് ഹാവേരി എംഎൽഎ നെഹ്റു ഒലേക്കർ. ഇവർ രണ്ട് പേരും സംസ്ഥാനബിജെപിയുടെ ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്. ഇതോടൊപ്പം 80 വയസ്സ് കഴിഞ്ഞവർക്ക് വീണ്ടും സീറ്റ് നൽകുന്നതിലും കേന്ദ്രനേതൃത്വത്തിന് അഭിപ്രായവ്യത്യാസമുണ്ട്. കൂറ് മാറിയെത്തിയവർക്ക് വീണ്ടും സീറ്റ് നൽകണോ എന്ന കാര്യത്തിലും തർക്കം തുടരുന്നു.
എന്നാൽ സീറ്റ് നൽകിയില്ലെങ്കിൽ ഈ എംഎൽഎമാരെല്ലാം പാർട്ടി വിടുകയോ, സ്വതന്ത്രരായി മത്സരിക്കുകയോ ചെയ്ത് പാർട്ടി വോട്ട് പിളർത്തുമെന്നാണ് സംസ്ഥാനനേതൃത്വം പറയുന്നത്. 30 സീറ്റ് തന്‍റെ അനുയായികൾക്ക് നൽകണമെന്ന ആവശ്യം യെദിയൂരപ്പ ഉയർത്തിയിരുന്നു. എന്നാൽ അത്രയും സീറ്റ് യെദിയൂരപ്പ പക്ഷത്തിന് നൽകാൻ കേന്ദ്രനേതൃത്വം തയ്യാറല്ല. ഇന്നും അമിത് ഷായുടെ വസതിയിൽ ബിജെപി യോഗം നടക്കുമ്പോൾ, ഇതിൽ പങ്കെടുക്കാതെ യെദിയൂരപ്പ ഇന്നലെത്തന്നെ നാട്ടിലേക്ക് തിരിച്ചത് പാർട്ടിയിലെ ഭിന്നതയുടെ സൂചനയാണ്. കോൺഗ്രസിന് മുൻതൂക്കം പ്രവചിക്കുന്ന സർവേകൾ കൂടി പുറത്ത് വന്നതോടെ, വളരെ ശ്രദ്ധിച്ച് പട്ടിക തയ്യാറാക്കാൻ ശ്രമിക്കുമ്പോഴും സംസ്ഥാനനേതൃത്വത്തിന്‍റെ എതിർപ്പുകൾ കേന്ദ്രനേതൃത്വത്തിന് തലവേദനയാണ്
