കൊൽക്കത്ത: വീണ്ടും വിവാദപരാമർശവുമായി ബം​ഗാൾ ബിജെപി നേതാവ് ദിലിപ് ഘോഷ്. ദില്ലിയിലെ ഷഹീൻബാ​ഗിൽ സമരം ചെയ്യുന്ന പ്രതിഷേധക്കാർക്ക് എന്തുകൊണ്ടാണ് അസുഖങ്ങൾ വരാത്തതെന്നും അവരെന്ത് കൊണ്ടാണ് മരിക്കാത്തതെന്നും ദിലിപ് ഘോഷ് ചോദിക്കുന്നു. മൂന്ന് വർഷങ്ങൾക്ക് മുമ്പ്  നോട്ട് നിരോധനം നിലവിൽ വന്നപ്പോൾ നൂറ് കണക്കിനാളുകൾ ബാങ്കുകളിലെ ക്യൂവിൽ നിന്ന് മരിച്ചുവീണതായി പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞതായും ദിലിപ് ഘോഷ് പരാമർശിച്ചു.

''രണ്ടോ മൂന്നോ മണിക്കൂർ ക്യൂ നിന്നതിന്റെ പേരിൽ ആളുകൾ മരിക്കുന്നു. എന്നാൽ ഷഹീൻബാ​ഗിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ കൊടും തണുപ്പത്താണ് ഇരുന്ന് സമരം ചെയ്യുന്നത്. എന്നാൽ ഇവരിലാരും മരിക്കുന്നില്ല. ഇതാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്. ഇവർക്ക് അസുഖങ്ങളൊന്നും വരാത്തത് എന്തുകൊണ്ടാണ്? പ്രതിഷേധക്കാരിൽ ആരെങ്കിലും ഒരാൾ മരിച്ചതായി കേട്ടിരുന്നോ?  എന്ത് അമൃതാണ് അവർ കഴിച്ചിരിക്കുന്നത്? എന്താണ് ഇവരുടെ പ്രചോദനം?'' കൊൽക്കത്ത പ്രസ്ക്ലബ്ബിൽ സംഘടിപ്പിച്ച പരിപാടിക്കിടെ ദിലിപ് ഘോഷ് ചോദിച്ചു. ഇവർക്ക് പ്രതിഷേധം നടത്താനുള്ള സാമ്പത്തികം എവിടെ നിന്നാണ് ലഭിക്കുന്നതെന്നും പ്രതിഷേധത്തിന് പിന്നിലെ സത്യം താമസിയാതെ പുറത്ത് വരുമെന്നും ദിലിപ് ഘോഷ് പറഞ്ഞു.   

പൗരത്വ നിയമ ഭേദ​ഗതിക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധത്തിൽ ഇതിന് മുമ്പും ദിലിപ് ഘോഷ് വിദ്വേഷ പ്രസ്താവനകൾ നടത്തിയിരുന്നു. 'അസം, കര്‍ണാടക, യുപി എന്നിവിടങ്ങളിലെ ചെകുത്താന്മാരെ നമ്മുടെ സര്‍ക്കാര്‍ പട്ടികളെപ്പോലെ വെടിവെച്ച് കൊലപ്പെടുത്തി'യെന്നായിരുന്നു പ്രതിഷേധക്കാർക്കെതിരെ ദിലിപ് ഘോഷിന്‍റെ പരാമര്‍ശം.