റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് മുന്നോടിയായി ഖാലിസ്ഥാൻ, ബംഗ്ലാദേശ് ഭീകരസംഘടനകൾ ആക്രമണത്തിന് പദ്ധതിയിടുന്നതായി ഇന്റലിജൻസ് മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ ദില്ലി ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിൽ അതീവ ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചു

ദില്ലി: റിപ്പബ്ലിക് ദിനാഘോഷങ്ങൾ മുന്നിൽക്കണ്ട് ദില്ലി ഉൾപ്പെടെയുള്ള നാല് സംസ്ഥാനങ്ങളിൽ കേന്ദ്ര ഇന്റലിജൻസ് ഏജൻസികൾ അതീവ ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചു. ഖാലിസ്ഥാൻ അനുകൂല സംഘടനകളും ബംഗ്ലാദേശ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകരവാദ ഗ്രൂപ്പുകളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആക്രമണത്തിന് പദ്ധതിയിടുന്നതായി ലഭിച്ച രഹസ്യവിവരത്തെത്തുടർന്നാണ് നടപടി. ആഘോഷവേളകളിൽ ജനത്തിരക്കേറിയ സ്ഥലങ്ങളിലും തന്ത്രപ്രധാന മേഖലകളിലും കർശന സുരക്ഷയൊരുക്കാനും നിരീക്ഷണം ശക്തമാക്കാനും സുരക്ഷാ ഏജൻസികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ദില്ലി, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിൽ ഈ ഗ്രൂപ്പുകൾ ശക്തമാണെന്നാണ് വിലയിരുത്തൽ. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദ്ദേശം നൽകിയിരിക്കുന്നത്.

റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്‍റെ ടാബ്ലോയും

അതേസമയം റിപ്പബ്ലിക് ദിനത്തിൽ രാജ്യത്ത് വിപുലമായ ആഘോഷത്തിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാകുകയാണ്. രാജ്യ തലസ്ഥാനത്ത് റിപ്പബ്ലിക് ദിന പരേഡിനുള്ള ഒരുക്കങ്ങളും അവസാന ഘട്ടത്തിലാണ്. ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിൻ്റെ ടാബ്ലോ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നൂറു ശതമാനം ഡിജിറ്റൽ സാക്ഷരത നേട്ടവും കൊച്ചി വാട്ടർ മെട്രോയും പ്രമേയമാക്കി കേരളം അവതരിപ്പിച്ച ടാബ്ലോ ഡിസൈനാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയം തെരഞ്ഞെടുത്തത്. 'സ്വതന്ത്രത കാ മന്ത്ര- വന്ദേ മാതരം', 'സമൃദ്ധി കാ മന്ത്ര- ആത്മ നിർഭർ ഭാരത്' എന്നിവയിൽ ഏതെങ്കിലുമൊന്ന് ആശയമാക്കി ഡിസൈൻ അവതരിപ്പിക്കണമെന്നതായിരുന്നു കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിൻ്റെ നിർദ്ദേശം. സമൃദ്ധി കാ മന്ത്ര- ആത്മ നിർഭർ ഭാരത്' എന്ന തീമിൽ സംസ്ഥാനം, 'വാട്ടർ മെട്രോയും 100% ഡിജിറ്റൽ സാക്ഷരതയും: ആത്മനിർഭർ കേരള ഫോർ ആത്മ നിർഭർ ഭാരത്'എന്ന വിഷയമാണ് അവതരിപ്പിക്കുന്നത്. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് നൽകിയ ആശയമനുസരിച്ച് കേരള ടാബ്ലോയുടെ ഫാബ്രിക്കേഷൻ ജോലികൾ നിർവഹിക്കുന്നത് ജെ എസ് ചൗഹാൻ ആൻഡ് അസോസിയേറ്റ്സിനായി റോയ് ജോസഫാണ്. 17 സംസ്ഥാനങ്ങളാണ് ഈ വർഷം കർത്തവ്യപഥിൽ ടാബ്ലോ അവതരിപ്പിക്കുന്നതിനുള്ള ചുരുക്കപ്പട്ടികയിൽ ഇടം നേടിയത്. കേരളത്തിന് പുറമേ അസം, ഛത്തീസ്ഗഢ്, ഗുജറാത്ത്, ഹിമാചൽ പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂർ, നാഗാലാൻഡ്, ഒഡിഷ, പഞ്ചാബ്, രാജസ്ഥാൻ, തമിഴ്നാട്, ഉത്തർ പ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളായ പുതുച്ചേരിയും ജമ്മു - കാശ്മീരും വിവിധ മന്ത്രാലയങ്ങളുമാണ് ഫ്ലോട്ടുകളുമായി കർത്തവ്യപഥിൽ അണിനിരക്കുന്നത്. അഞ്ച് ഘട്ടങ്ങളിലായി നടന്ന സ്ക്രീനിംഗിലൂടെയാണ് കേരളം ടാബ്ലോ അവതരണത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്.