കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ ദില്ലിയിലെത്തി രാഹുൽ ഗാന്ധിയെയും മല്ലികാർജ്ജുൻ ഖർഗെയെയും കണ്ടു. ഈ കൂടിക്കാഴ്ച കർണാടക കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ആഭ്യന്തര പ്രശ്നങ്ങൾ വീണ്ടും സജീവമാക്കി
ദില്ലി: കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ ദില്ലിയിലെത്തി രാഹുൽ ഗാന്ധിയെ കണ്ടതിന് പിന്നാലെ കർണാടക കോൺഗ്രസിൽ ആഭ്യന്തര പ്രശ്നങ്ങൾ വീണ്ടും സജീവമാകുന്നോ എന്ന ചോദ്യം ശക്തമായി. വെള്ളിയാഴ്ച ദില്ലിയിലെത്തിയ ഡികെ ശിവകുമാർ പ്രത്യേകമായി രാഹുൽ ഗാന്ധിയെയും മല്ലികാർജ്ജുൻ ഖർഗെയെയും കണ്ട് മടങ്ങിയിരുന്നു. ഇതിൻ്റെ ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കമാണോ കൂടിക്കാഴ്ചയ്ക്ക് പിന്നിലെന്ന ചോദ്യം ബലപ്പെട്ടത്.
എന്നാൽ കോൺഗ്രസ് നേതൃത്വം കൂടിക്കാഴ്ചയെ കുറിച്ച് വിശദീകരിച്ചിട്ടില്ല. എന്നാൽ കർണാടകയിലെ രാഷ്ട്രീയ സാഹചര്യങ്ങളാണ് ഇതിന് കാരണമെന്നാണ് വിവരം. അതേസമയം ദില്ലിയിലെത്തിയ ശിവകുമാർ അസം നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച നേതൃയോഗത്തിൽ പങ്കെടുക്കുകയും ചെയ്തു. അതിനിടെ കർണാടകയിലെ ഊർജ്ജ മന്ത്രി കെജെ ജോർജും രാഹുൽ ഗാന്ധിയെ കണ്ടു. സംസ്ഥാന കോൺഗ്രസിലെ പ്രശ്നങ്ങൾ ഈ ചർച്ചയിൽ മന്ത്രി ഉന്നയിച്ചുവെന്നാണ് വിവരം.
2020 മാർച്ചിൽ കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി ചുമതലയേറ്റ ഡികെ ശിവകുമാർ, 2018 ൽ 80 സീറ്റ് നേടിയ കോൺഗ്രസിനെ 2023 135 സീറ്റുകളിലേക്ക് ഉയർത്തിയതിൽ നിർണായക പങ്ക് വഹിച്ചിരുന്നു.


