ദില്ലി: രാഹുൽ ഗാന്ധിക്ക് എതിരെ രൂക്ഷ വിമർശനവുമായി ബിജെപി അധ്യക്ഷൻ ജെ പി നദ്ദ. നിർണായക സമയങ്ങളിൽ രാഹുൽ ഗാന്ധി രാജ്യത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് ജെ പി നദ്ദ വിമര്‍ശിച്ചു. രാഹുൽ ഗാന്ധി സേനയുടെ ആത്മ വീര്യം കെടുത്തുകയാണ്. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുമായി കോൺഗ്രസാണ്‌ ധാരണ പത്രം ഒപ്പുവച്ചത്. പിന്നീട് ഭൂമി കൈമാറി. ഡോക്ലോം വിഷയ സമയത്ത് രാഹുൽ ഗാന്ധി രഹസ്യമായി ചൈനീസ് എംബസിയിലേക്ക് പോയെന്നും നദ്ദ ആരോപിക്കുന്നു.

ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച് ഒട്ടേറെ തവണ രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി ഇന്ത്യൻ ഭൂമി ചൈനയ്ക്ക് അടിയറവ് വെച്ചെന്ന് രാഹുല്‍ഗാന്ധി കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ പ്രതികരിച്ചു. ചൈനയുടെ സ്ഥലത്ത് എങ്ങനെ ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടെന്നും രാഹുൽ ട്വിറ്ററിലൂടെ ചോദിച്ചു. ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ആരുടെയും കൈവശം ഇല്ലെന്നും ഇന്ത്യയുടെ ഒരു പോസ്റ്റും ചൈന കൈയ്യേറിയില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഇതിന് മറുപടിയാണ് രാഹുലിന്റെ പ്രസ്താവന. 'കീഴടങ്ങിയ മോദി' എന്നും പ്രധാനമന്ത്രിയെ രാഹുല്‍ പരിഹാസിച്ചിരുന്നു. 

Also Read: 'ഇന്ത്യൻ പ്രദേശം ചൈനയ്ക്ക് അടിയറവ് വെച്ചു', പ്രധാനമന്ത്രിയെ വിമർശിച്ച് രാഹുൽ ഗാന്ധി

Also Read: 'കീഴടങ്ങിയ മോദി'; ജപ്പാൻ ടൈംസിനെ ഉദ്ധരിച്ച് പ്രധാനമന്ത്രിയെ പരിഹസിച്ച് രാഹുൽ ​ഗാന്ധി

അതേസമയം, ഇന്ത്യ-ചൈന-റഷ്യ വിദേശ കാര്യ മന്ത്രിമാരുടെ യോഗം ഇന്ന് നടക്കും. വീഡിയോ കോണ്‍ഫ്രന്‍സിങ് വഴിയാണ് യോഗം. കൊവിഡ് സാഹചര്യം ചര്‍ച്ചചെയ്യാനാണ് യോഗമെന്നും അതിര്‍ത്തിയിലെ സംഘര്‍ഷം അജണ്ടയിലില്ലെന്നും ഉന്നതവൃത്തങ്ങള്‍ വ്യക്തമാക്കി. അതിർത്തി തർക്കം ചർച്ചയിലൂടെ തീർക്കാനുള്ള ഇന്ത്യ-ചൈന കമാന്‍റര്‍മാര്‍ക്കിടയിലെ ചര്‍ച്ച ഇന്നലെ നടന്നിരുന്നു. രാത്രി വൈകും വരെ നടന്ന ചര്‍ച്ചയില്‍ ഏപ്രിലിന് മുമ്പുള്ള സാഹചര്യം പുനഃസ്ഥാപിക്കണമെന്ന് ഇന്ത്യ വീണ്ടും ആവശ്യപ്പെട്ടു.