ഗുവാഹത്തി: പൗരത്വ നിയമഭേദഗതിക്കെതിരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന പ്രതിഷേധം ലോക്സഭയില്‍ ചര്‍ച്ചയാക്കാന്‍ ഒരുങ്ങിയ പ്രതിപക്ഷത്തെ  അപ്രതീക്ഷിത പ്രതിഷേധത്തിലൂടെ പ്രതിരോധിച്ച് ബിജെപി. രാഹുല്‍ ഗാന്ധി രാജ്യത്തെ സ്ത്രീകളെ അപമാനിച്ചു എന്നാരോപിച്ച് ബിജെപി കടുത്ത പ്രതിഷേധമാണ് ലോക്സഭയില്‍ നടത്തിയത്. ഇതേ തുടർന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ക്രമസമാധാനപ്രശ്നം ചർച്ചയാക്കാൻ കേന്ദ്രത്തിനായില്ല. 

കഴിഞ്ഞ ദിവസം ഹരിയാനയില്‍ വച്ചു നടന്ന ഒരു രാഷ്ട്രീയ പരിപാടിയില്‍ ഇന്ത്യയിപ്പോള്‍ മേക്ക് ഇന്‍ ഇന്ത്യയല്ല അല്ല റേപ്പ് ഇന്‍ ഇന്ത്യയാണെന്ന് രാഹുല്‍ പറഞ്ഞിരുന്നു. ഈ പരാമര്‍ശമാണ് ബിജെപി ഇന്ന് ലോക്സഭയില്‍ വിഷയമാക്കിയത്. ഭരണപക്ഷത്തെ പ്രതിഷേധത്തെ തുടർന്ന് സഭാനടപടികൾ വെട്ടിചുരുക്കി ലോക്സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു.  

രാജ്യത്തെ സ്ത്രീകളെല്ലാം ബലാത്സംഗം ചെയ്യപ്പെടുകയാണോ എന്നാണോ രാഹുല്‍ പറയുന്നതെന്നും സ്ത്രീകളോടുള്ള കോണ്‍ഗ്രസിന്‍റെ പൊതുമനോഭാവമാണ് രാഹുലിന്‍റെ പരാമര്‍ശത്തിലൂടെ പുറത്തു വന്നതെന്നും കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞു. ബലാത്സംഗങ്ങളുടെ തലസ്ഥാനമായി ഇന്ത്യ മാറിയെന്ന രാഹുലിന്‍റെ പരാമര്‍ശത്തിനെതിരേയും കടുത്ത പ്രതിഷേധം ഉയര്‍ന്നു. 

കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനിയും ബാബുല്‍ സുപ്രിയോയും അടക്കമുള്ള സഭയിലെ ബിജെപിയുടെ വനിത അംഗങ്ങളാണ് പ്രതിഷേധത്തിന്‍റെ മുന്‍നിരയില്‍ ഉണ്ടായിരുന്നത്. ഇവര്‍ക്കൊപ്പം ബിജെപിയുടെ കൂടുതല്‍ കേന്ദ്രമന്ത്രിമാരും പ്രതിഷേധവുമായി ഒപ്പം കൂടി. രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി ആക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ പലതും ബിജെപി എംപിമാരില്‍ നിന്നുണ്ടായി. വിദേശിയായ വനിത പ്രസവിച്ച രാഹുലിന് ഇന്ത്യന്‍ സംസ്കാരം മനസിലാവില്ലെന്നും മറ്റുമുള്ള പരാമര്‍ശങ്ങള്‍ ബിജെപി എംപിമാരില്‍ നിന്നുണ്ടായി. 

അതേസമയം രാഹുലിനെ പ്രതിരോധിച്ചു കൊണ്ടാണ് കോണ്‍ഗ്രസ് സഭയില്‍ സംസാരിച്ചത്. രാഹുൽ മാപ്പ് പറയേണ്ടതില്ലെന്ന് കോൺ​ഗ്രസ് നേതാക്കൾ പറഞ്ഞു. അതേ സമയം ലോക്സഭാ ടിവിയിൽ ഭരണപക്ഷത്തിന്റെ പ്രതിഷേധം മൊത്തം സംപ്രേക്ഷണം ചെയ്തത് കൗതുകമായി. സാധാരണം ലോക്സഭയിൽ പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചാൽ ലോക്സഭാ ടിവിയുടെ സംപ്രേക്ഷണം നിർത്തി വയ്ക്കുകയാണ് പതിവ്. 

എന്നാൽ ഇക്കുറി ഭരണപക്ഷത്തിന്റെ രാഹുലിനെതിരായ പ്രതിഷേധം മുഴുവൻ ലോക്സഭാ ടിവി സംപ്രേക്ഷണം ചെയ്തു. കേന്ദ്രമന്ത്രിമാരടക്കം രം​ഗത്തിറങ്ങി സഭയെ പ്രക്ഷുബ്ധമാക്കിയെങ്കിലും ലോക്സഭാ സ്പീക്കർ മൗനം പാലിക്കുന്ന അസാധാരണ കാഴ്ചയും ഇന്ന് കണ്ടു. ശീതകാലസമ്മേളനത്തിലെ അവസാന ദിവസമാണ് ഇന്ന്. 

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പ്രക്ഷോഭം ഇന്ന് സഭയിൽ ചർച്ചയാക്കാൻ തയ്യാറായിട്ടാണ് പ്രതിപക്ഷം സഭയിൽ എത്തിയത്. എന്നാൽ തീർത്തും അപ്രതീക്ഷിതമായി ആണ് രാഹുലിന്റെ റേപ്പ് ഇൻ ഇന്ത്യ പരാമർശം ബിജെപി ആയുധമാക്കിയത്. പ്രതിഷേധത്തെ തുടർന്ന് സഭാ നടപടികൾ 15 മിനിറ്റ് നേരത്തേക്ക് നിർത്തി വച്ച സ്പീക്കർ തുടർന്ന് അനിശ്ചിത കാലത്തേക്ക് ലോക്സഭ പിരിയുന്നതായി പ്രഖ്യാപിക്കുകയായിരുന്നു. 

രാഹുലിനെ പിന്തുണച്ച് ഡിഎംകെ അംഗം കനിമൊഴി പാര്‍ലമെന്‍റില്‍ സംസാരിച്ചു. മേക്ക് ഇന്‍ ഇന്ത്യ എന്ന പ്രധാനമന്ത്രിയുടെ ആശയത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. പക്ഷേ ശരിക്കും എന്താണിപ്പോള്‍ ഈ രാജ്യത്ത് നടക്കുന്നത്. അതു തന്നെയാണ് ഇപ്പോള്‍ രാഹുല്‍ ഗാന്ധി പറയാന്‍ ശ്രമിക്കുന്നതും.  നിര്‍ഭാ​ഗ്യവശാൽ രാജ്യത്ത് മെയ്ക്ക് ഇൻ ഇന്ത്യ കൊണ്ടൊന്നും നടക്കുന്നില്ല. സ്ത്രീകൾക്ക് നേരെ നിരന്തരം കുറ്റകൃത്യങ്ങൾ നടക്കുകയും ചെയ്യുന്നു. 

അതേസമയം മാപ്പ് പറയണമെന്ന ബിജെപിയുടെ ആവശ്യം രാഹുല്‍ ഗാന്ധി തള്ളി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന പ്രക്ഷോഭം ചര്‍ച്ചയാകാതിരിക്കാന്‍ വേണ്ടിയാണ് ബിജെപി പാര്‍ലമെന്‍റില്‍ ബഹളം വച്ചതെന്നും രാഹുല്‍ ആരോപിച്ചു. 2012-ല്‍ ദില്ലിയെ ബലാത്സംഗങ്ങളുടെ തലസ്ഥാനം എന്ന് നരേന്ദ്രമോദി വിളിക്കുന്ന വീഡിയോയും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ പങ്കുവച്ചു.

ജാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ രാഹുല്‍ പറഞ്ഞത്... 

നരേന്ദ്രമോദി മേക്ക് ഇന്‍ ഇന്ത്യയെക്കുറിച്ച് പറഞ്ഞു. പക്ഷേ ഇന്ത്യയിലെവിടെ നോക്കിയാലും ഇപ്പോള്‍ റേപ്പ് ഇന്‍ ഇന്ത്യയാണ്. ഉത്തര്‍പ്രദേശിലേക്ക് നോക്കൂ നരേന്ദ്രമോദിയുടെ എംഎല്‍എ ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. അതിനു ശേഷം അവളെ കാറപകടത്തില്‍പ്പെട്ട് ഗുരുതരാവസ്ഥയിലായി. ലോകത്തിന് മുന്നില്‍ ഇന്ത്യയിപ്പോള്‍ റേപ്പ് ഇന്‍ ഇന്ത്യയാണ്.എന്നാല്‍ ഇതേപ്പറ്റിയൊന്നും മോദി ഒരക്ഷരം മിണ്ടിയിട്ടില്ല. പെണ്‍കുട്ടികളെ പഠിപ്പിക്കൂ, പെണ്‍കുട്ടികളെ വളര്‍ത്തൂ (ബേട്ടി പഠാവോ, ബേട്ടി ബച്ചാവോ)  എന്നാണ് നരേന്ദ്രമോദി പറഞ്ഞത്. പക്ഷേ ഈ നാട്ടില്‍ എങ്ങനെയാണ് പെണ്‍കുട്ടികള്‍ സുരക്ഷിതരായി വളരുക.