പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കൊല്‍ക്കത്തയില്‍ മാർച്ചിന്‍റെ പശ്ചാത്തലത്തില്‍ കനത്ത പൊലീസ് വിന്യാസമാണ് ഒരുക്കിയിരിക്കുന്നത്.

കൊൽക്കത്ത: പശ്ചിമബംഗാളില്‍ മുഖ്യമന്ത്രി മമത ബാനർജി രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപിയുടെ മെഗാ സെക്രട്ടേറിയേറ്റ് മാർച്ച്. വിവിധ സംസ്ഥാനങ്ങളില്‍നിന്നും കൊല്‍ക്കത്തയിലെത്തിയ ആയിരക്കണക്കിന് പ്രവർത്തകർ മാർച്ചില്‍ പങ്കെടുത്തു. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കൊല്‍ക്കത്തയില്‍ മാർച്ചിന്‍റെ പശ്ചാത്തലത്തില്‍ കനത്ത പൊലീസ് വിന്യാസമാണ് ഒരുക്കിയിരിക്കുന്നത്. കൊല്‍ക്കത്തയിലേക്ക് വരുന്ന പ്രവർത്തകരെ ബംഗാൾ പൊലീസ് കസ്റ്റഡിയിലെടുക്കുകയാണെന്നും, മമത സർക്കാർ ആരെയാണ് പേടിക്കുന്നതെന്നും ബിജെപി നേതാക്കൾ ചോദിച്ചു. അഴിമതി കേസില്‍ വിവിധ മന്ത്രിമാർ അറസ്റ്റിലായ പശ്ചാത്തലത്തിലാണ് ബിജെപി നബ്ബന ചലോ എന്ന പേരില്‍ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നത്. 

ബംഗാളിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പാർട്ടി അംഗങ്ങളേയും അനുഭാവികളേയും കൊണ്ടുവരാൻ ബിജെപി ഏഴ് ട്രെയിനുകളാണ് വാടകക്കെടുത്തത്. ബിജെപി പ്രവർത്തകരെ വഴിയിൽ തടസ്സങ്ങൾ സൃഷ്ടിക്കാൻ തൃണമൂൽ ഭരണകൂടം ശ്രമിക്കുകയാണെന്നും ബിജെപി കുറ്റപ്പെടുത്തി. ട്രെയിനുകൾ വാടകയ്‌ക്കെടുക്കുന്നതിന് ബിജെപി 2.84 കോടി രൂപ ചെലവാക്കിയെന്ന് തൃണമൂൽ കോൺ​ഗ്രസ് ആരോപിച്ചു. ട്രെയിനിൽ ബിജെപിക്ക് അയ്യായിരത്തിലധികം ആളുകളെ കൊണ്ടുവരാനാകില്ലെന്നും തൃണമൂൽ നേതാക്കൾ പറഞ്ഞു. തട്ടിപ്പ് നടത്തി രാജ്യം വിട്ട വ്യവസായികളിൽ നിന്നാണ് ബിജെപി പണം വാങ്ങുന്നതെന്നും തൃണമൂൽ കോൺ​ഗ്രസ് നേതാക്കൾ ആരോപിച്ചു. 

ഖേല ഹോബ് പ്രഖ്യാപിച്ച് മമത, ബിജെപിയുടെ 300 ന്‍റെ അഹങ്കാരം തീർക്കും; 'ഞാൻ, നിതീഷ്, അഖിലേഷ്, സോറൻ പിന്നെ ചിലരും'

നേരത്തെ 2024 ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ ഐക്യത്തിലൂടെ ബിജെപിയെ താഴെയിറക്കുമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വെല്ലുവിളിച്ചിരുന്നു. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍, സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് എന്നിവരും മറ്റു ചില നേതാക്കളും ചേര്‍ന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പ്രതിപക്ഷ ഐക്യ മുന്നണി രൂപവത്കരിക്കുമെന്നും മമതാ ബാനര്‍ജി വ്യക്തമാക്കി. 300 സീറ്റുകളുണ്ടെന്ന ബിജെപിയുടെ അഹങ്കാരത്തിന് മറുപടി നൽകുകയാണ് ലക്ഷ്യമെന്നും അവർ കൊല്‍ക്കത്തയില്‍ നടന്ന തൃണമൂല്‍ കോണ്‍ഗ്രസ് പരിപാടിക്കിടെ പറഞ്ഞു. ബി ജെ പിക്കെതിരെ 'ഖേല ഹോബ്' എന്ന മുദ്രാവാക്യമുയത്തിയാണ് തൃണമൂൽ പ്രചരണം.

ചിതറി നിൽക്കുന്ന പ്രതിപക്ഷ കക്ഷികൾ ഒന്നിച്ച് നിന്നാൽ ബി ജെ പിയെ താഴെ ഇറക്കാമെന്നും മമത ബാനർജി തൃണമൂൽ പരിപാടിയിൽ പ്രതീക്ഷ പ്രകടിപ്പിച്ചു. ഇതിനായുള്ള ശ്രമത്തിലാണ് തങ്ങളെന്നും അവർ വിവരിച്ചു. 2024 ലോക്സഭ തെരഞ്ഞെടുപ്പിൽ ബി ജെ പിക്കെതിരെ 'ഖേല ഹോബ്' മുദ്രാവാക്യത്തിലൂന്നിയാകും പ്രചരണമെന്നും ബംഗാൾ മുഖ്യമന്ത്രി വ്യക്തമാക്കി.