സര്‍ദാര്‍ പട്ടേലിന്‍റേയും ജനങ്ങളുടേയും സ്വപ്നത്തിലെ ഗുജറാത്ത് ഒരുമിച്ച് യാഥാര്‍ത്ഥ്യമാക്കാം .രാത്രി വരെ നീളുന്ന ആപ് യോഗങ്ങളുടെ ചിത്രങ്ങൾക്കൊപ്പം കെജ്‌രിവാളിന്റെ ട്വീറ്റ്
അഹമ്മദാബാദ്: ഗുജറാത്ത് പിടിക്കാന്‍ അരയും തലയും മുറുക്കി ആം ആദ്മി രംഗത്ത്.പ്രചരണത്തിന് നേത്വത്വം നല്‍കി അരവിന്ദ് കേജ്രിവാള്‍ സജീവമായി രംഗത്തുണ്ട്. പ്രചരണയോഗങ്ങളില്‍ വലിയ ജനപങ്കാളിത്തമുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. ബിജെപിയുടേയും കോണ്‍ഗ്രസിന്‍റേയും പ്രവർത്തകർ കൂട്ടമായി എഎപി യിൽ ചേരുന്നുവെന്ന് അദ്ദേഹം അവകാശപ്പെട്ടു.രാത്രി വരെ നീളുന്ന ആപ് യോഗങ്ങളുടെ ചിത്രങ്ങൾക്കൊപ്പം ആണ് കെജ്‌രിവാളിന്‍റെ ട്വീറ്റ്.സര്‍ദാര്‍ പട്ടേലിന്‍റേയും ജനങ്ങളുടേയും സ്വപ്നത്തിലെ ഗുജറാത്ത് ഒരുമിച്ച് യാഥാര്‍ത്ഥ്യമാക്കാമെന്ന് അദ്ദേഹം പറഞ്ഞു.
പഞ്ചാബിൽ അധികാരത്തിലേറിയതുമുതൽ അരവിന്ദ് കെജ്രിവാളിന്‍റെ എ എ പിക്ക് ദേശീയ തലത്തിലുള്ള രാഷ്ട്രീയ പ്രാധാന്യം വർധിച്ചിരുന്നു. ദേശീയ തലത്തിൽ ബി ജെ പിക്കും കോൺഗ്രസിനും ബദൽ എന്ന ആശയത്തിൽ തന്നെയാണ് ആം ആദ്മി ചൂലെടുത്തതെങ്കിലും ഇടയ്ക്കൊക്കെ പ്രതിപക്ഷ ഐക്യത്തിന്‍റെ വേദികളിലും കെജ്രിവാളും പാർട്ടിയും അരയും തലയും മുറുക്കി എത്താറുണ്ട്. ഒരൊറ്റ തൂത്തുവാരലിലൂടെ അധികാരം പിടിച്ചെടുക്കുകയെന്നതാണ് എ എ പിയുടെ ഇതുവരെയുള്ള ശൈലി. അത് 9 വർഷങ്ങൾക്ക് മുമ്പ് രാജ്യ തലസ്ഥാനത്തും ഇക്കഴിഞ്ഞ വർഷം പഞ്ചാബിലും ഏവരും കണ്ടതാണ്. ഇപ്പോഴിതാ ഗുജറാത്തിലാണ് ആം ആദ്മി കണ്ണുവയ്ക്കുന്നത്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെക്കുറിച്ച് മറ്റ് പാർട്ടികൾ ചിന്തിക്കും മുന്നേ സ്ഥാനാർഥികളെ രംഗത്തിറക്കാൻ തുടങ്ങി ഗുജറാത്തിൽ രാഷ്ട്രീയ പോരാട്ടത്തിന് കാഹളം മുഴക്കി കെജ്രിവാളും സംഘവും നിൽക്കുമ്പോൾ ഇന്ത്യൻ രാഷ്ട്രീയവും ഗാന്ധി പിറന്ന നാട്ടിൽ കണ്ണുവയ്ക്കുകയാണ്. ദില്ലിയിലും പഞ്ചാബിലും അധികാരം പിടിച്ച വിപ്ലവം ഗുജറാത്തിലും സാധ്യമാക്കുമെന്നാണ് കെജ്രിവാളിന്‍റെ വെല്ലുവിളി. അങ്ങനെ സംഭവിച്ചാലോ, മികച്ച പോരാട്ടം നടത്താനായാലോ രാജ്യത്തെ പ്രതിപക്ഷ നേതാക്കളുടെ ഇടയിൽ ദില്ലി മുഖ്യമന്ത്രിയുടെ സ്ഥാനം വലുതാകുമെന്നുറപ്പാണ്. അതുകൊണ്ടുതന്നെയാകും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വന്തം നാട്ടിൽ, അദ്ദേഹത്തിന്‍റെ മടയിൽ കയറി നേരിടാൻ കെജ്രിവാൾ തയ്യാറാകുന്നതും.
സ്ഥാനാർത്ഥികളെ ആദ്യം രംഗത്തിറക്കുന്ന ശൈലി ഗുജറാത്തിലും
ഗുജറാത്ത് തെരഞ്ഞെടുപ്പിന്‍റെ പ്രചാരണഘട്ടത്തിലേക്ക് സംസ്ഥാനം ഭരിക്കുന്ന ബി ജെ പിയും പ്രതിപക്ഷമായ കോൺഗ്രസും കടക്കാനൊരുങ്ങവെയാണ് സ്ഥാനാർത്ഥികളെ രംഗത്തിറക്കിയുള്ള എ എ പിയുടെ രംഗപ്രവേശം. രണ്ട് ഘട്ടങ്ങളിലായി 19 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് ആം ആദ്മി ഇതുവരെ പ്രഖ്യാപിച്ചത്. ആദ്യം തന്നെ തെരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങി ഭരണ - പ്രതിപക്ഷ കക്ഷികളെ ഒന്നിച്ച് കടന്നാക്രമിക്കുന്ന ശൈലിയാണ് ആം ആദ്മിയുടേത്. ദില്ലിയിലും പഞ്ചാബിലുമൊക്കെ സമാന ശൈലിയാണ് പാർട്ടി അവലംബിച്ചിരുന്നത്. ഇതിന് രണ്ട് സംസ്ഥാനത്തും ഗുണം ലഭിച്ചിരുന്നു. പ്രവർത്തനം ആരംഭിച്ച് ഒരു വർഷത്തിനകം അധികാരത്തിലേറുന്ന നിലയിലേക്കാണ് രണ്ട് സംസ്ഥാനത്തും എ എ പി പടർന്നുകയറിയത്. അതേ തന്ത്രം തന്നെയാണ് ഗുജറാത്തിലും കെജ്രിവാൾ പയറ്റുന്നത്. ഗുജറാത്തിൽ അടുത്ത കാലത്താണ് സംസ്ഥാന ശ്രദ്ധയാകർഷിക്കുന്ന നിലയിലേക്ക് പാർട്ടി വളർന്നത്. പക്ഷേ ഗുജറാത്തിൽ എന്ത് സംഭവിക്കുമെന്നത് കണ്ടറിയണം.
