ദില്ലി: പൗരൻമാര്‍ക്ക് ഏക വ്യക്തി നിയമം കൊണ്ടുവരാനുള്ള ആലോചനകൾ ശക്തമാക്കി ബിജെപി. ഒരു രാജ്യം ഒരു നിയമം എന്ന പ്രഖ്യാപിത ലക്ഷ്യം മുൻനിര്‍ത്തിയാണ് ബിജെപി നീക്കം. എല്ലാ എംപിമാരോടും രാജ്യസഭയിൽ ഹാജരാകാനും സര്‍ക്കാര്‍ തീരുമാനത്തിന് ഒപ്പം നിൽക്കാനും നിര്‍ദ്ദേശിച്ച് ഇന്നലെ പാര്‍ട്ടി വിപ്പ് നൽകിയിരുന്നു. ഇത് ഏകീകൃത സിവിൽകോഡ് ബില്ല് കൊണ്ടുവരുന്നതിന് മുന്നോടിയായാണോ എന്ന അഭ്യൂഹങ്ങളും ശക്തമാകുകയാണ്. 

ബില്ല് അവതരിപ്പിക്കാനുള്ള കൂടിയാലോചനകൾ ബിജെപി കേന്ദ്രങ്ങളിലും നടക്കുന്നതായി വാര്‍ത്തകളുണ്ട്. സാധാരണയിൽ നിന്ന് വ്യത്യസ്തമായി പാര്‍ലമെന്ററി പാര്‍ട്ടിയോഗവും ബിജെപി റദ്ദാക്കിയിട്ടുണ്ട്. 

തുടര്‍ന്ന് വായിക്കാം: ഇന്ന് സഭയിലെത്തണം; രാജ്യസഭയിലെ പാര്‍ട്ടി എംപിമാർക്ക് ബിജെപി വിപ്പ്... 
 

അതേസമയം ദില്ലി ഫലം വന്ന അതേ ദിവസം തന്നെ ഏകീകൃത സിവിൽകോഡ് ബില്ലുമായി എത്താൻ ബിജെപി തയ്യാറാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. രാജ്യസഭയിലും ലോക്സഭയിലും ഇന്നത്തെ അജണ്ടയിൽ ഏകീകൃത സിവിൽകോഡ് ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും ബിജെപി ഇന്ന് രാവിലെ വീണ്ടും വിപ്പ് നൽകി എന്തിനൊ ഒരുങ്ങുന്നു എന്ന സൂചന ബിജെപി നേതൃത്വം ശക്തമാക്കുകയാണ്. 

ഏകീകൃത സിവിൽകോഡ് നടപ്പാക്കാൻ ബിജെപി തയ്യാറെടുക്കുന്നതായി സര്‍ക്കാര്‍ വൃത്തങ്ങളിലും സൂചന ശക്തമാണ്. ഒരു രാജ്യം ഒരു നിയമം എന്ന പ്രഖ്യാപിത ലക്ഷ്യം മുൻനിര്‍ത്തിയാണ് ബിജെപി നീക്കം. ഇതിനെതിരെ കടുത്ത എതിര്‍പ്പുകളാണ് സമൂഹത്തിന്‍റെ വിവിധ മേഖലകളിൽ നിന്ന് ഇതിനകം തന്നെ ഉയര്‍ന്നിട്ടുള്ളത്. ഭരണഘടനയുടെ 44ാം വകുപ്പിൽ നിര്‍ദേശക തത്വങ്ങളിൽ ഉൾപ്പെടുന്നതാണ് ഏകീകൃത സിവിൽ കോഡ്.  

ഏകീകൃത സിവിൽകോഡ് നടപ്പിലാക്കാൻ ദേശീയതലത്തിൽ കമ്മീഷൻ വേണമെന്ന് നിര്‍ദ്ദേശിക്കുന്ന സ്വകാര്യ ബില്ല് അവതരിപ്പിക്കാൻ നേരത്തെ നീക്കം നടന്നിയിരുന്നു.  രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാ അംഗം കിറോഡി ലാൽ മീണ യാണ് ബില്ല് അവതരിപ്പിക്കാൻ നീക്കം നൽകിയത്. അജണ്ടയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും കടുത്ത പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് പിന്നീട് പിൻമാറേണ്ടി വന്നു.  

ആര്‍എസ്എസും ബിജെപിയും കാലങ്ങളായി വാദിക്കുന്ന ആശയമാണ് ഒരു രാജ്യം ഒരു നിയമം എന്ന പേരിൽ കേന്ദ്രസര്‍ക്കാര്‍  കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന ഏകീകൃത സിവിൽ നിയമം.ഏത് മതവിഭാഗത്തിൽ വിശ്വസിക്കുന്നവരായാലും നിലവിലുള്ളതിൽ നിന്ന് വ്യത്യസ്തമായി വിവാഹം പിന്തുടര്‍ച്ച അവകാശം തുടങ്ങി എല്ലാ കാര്യങ്ങളിലും എല്ലാവര്‍ക്കും ഒരു നിയമം എന്നത് പ്രാവര്‍ത്തികമാക്കാനാണ് ഈ നിയമത്തിലൂടെ ബിജെപി ലക്ഷ്യമിടുന്നത് . 

തുടര്‍ന്ന് വായിക്കാം: ഏക സിവിൽ കോഡ്, രാമക്ഷേത്രം, ദേശസുരക്ഷ: 75 വാഗ്ദാനങ്ങളുമായി ബിജെപി പ്രകടന പത്രിക...
 

മുത്തലാഖ് നിയമ നിരോധനം അടക്കമുള്ള തീരുമാനങ്ങൾ ഏകീകൃത വ്യക്തി നിയമത്തിന് മുന്നോടിയായുള്ള നീക്കമായാണ് വിലയിരുത്തപ്പെട്ടിരുന്നതും. മുത്തലാഖ് നിരോധനം പാസാക്കി ദിവസങ്ങൾക്ക് അകമാണ് കശ്മീരിന്‍റെ പദവി നൽകി തീരുമാനം എടുത്തത്. ഏകീകൃത സിവിൽ കോഡ് പോലെ സങ്കിര്‍ണ്ണമായ തീരുമാനങ്ങൾക്കും ബിജെപി മടിച്ച് നിൽക്കില്ലെന്ന വിലയിരുത്തൽ അപ്പോൾ മുതൽ തന്നെ രാഷ്ട്രീയ നിരീക്ഷകര്‍ക്കിടയിൽ ശക്തമായിരുന്നു .