നാസിക്: മഹാരാഷ്ട്രിയിലെ നാസിക്കിലെ നാലാം വാര്‍ഡ് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ശാന്ത ബാലു(58) വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. പേത്ത് റോഡിലെ വീട്ടില്‍ വച്ചാണ് ശാന്ത വിഷം കഴിച്ചത്. ഈ സമയത്ത് ഇവരുടെ കുടുംബം ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി പോയിരിക്കുകയായിരുന്നു.

തുടര്‍ന്ന് പുലര്‍ച്ചെ നാലരയോടെ മകന്‍ വീട്ടിലെത്തിയപ്പോഴാണ് വിഷം കഴിച്ച നിലയില്‍ ശാന്തയെ കണ്ടെത്തിയത്. അതിവേഗം നാസിക്കിലെ സിവില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇതിനകം മരണം സംഭവിച്ചിരുന്നു. ശാന്ത  കിഡ്നി  സംബന്ധമായ  അസുഖത്തിന്  ചികിത്സയിലായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

കൂടെ കടുത്ത പുറം വേദന കാരണവും ചികിത്സ തേടിയിരുന്നു. കുറച്ച് ആഴ്ചകള്‍ക്ക് മുമ്പാണ് പ്രദേശത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ശാന്ത ഡിസ്ചാര്‍ജ് ആയി വീട്ടിലേക്ക് വന്നത്. അസുഖം ബാധിച്ചതിലുള്ള മാനസിക പ്രയാസങ്ങളാകും ശാന്തയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. പഞ്ചവതി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.