ദില്ലി: ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നടത്തിയ പരാമര്‍ശങ്ങളില്‍ മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും മാപ്പ് പറയണമെന്ന് ബിജെപി. യുഎന്‍ വേദിയില്‍ ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താന്‍ ഇമ്രാന്‍ ഖാനെ 'കോണ്‍ഗ്രസ് സഹായി'ച്ചെന്ന് ബിജെപി ദേശീയ വക്താവ് സംബിത് പത്ര ആരോപിച്ചു.

ഐക്യരാഷ്ട്രസഭയില്‍ ഇമ്രാന്‍ ഖാന്‍ പ്രസംഗത്തിനിടെ കോണ്‍ഗ്രസിനെ പരാമര്‍ശിച്ചിരുന്നു. ആര്‍എസ്എസിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിക്കുന്ന സമയത്താണ് കോണ്‍ഗ്രസിനെ ഇമ്രാന്‍ പരാമര്‍ശിച്ചത്. ആര്‍എസ്എസ് ക്യാമ്പുകളില്‍ തീവ്രവാദികള്‍ക്ക് പരിശീലനം നല്‍കിയിരുന്നതായി മുന്‍ കോണ്‍ഗ്രസ് ആഭ്യന്തര മന്ത്രിയുടെ വാക്കുകള്‍ എടുത്താണ് ഇമ്രാന്‍ ഉപയോഗിച്ചത്.

ഇത് ചൂണ്ടിക്കാട്ടിയാണ് മന്‍മോഹന്‍ സിംഗും സോണിയ ഗാന്ധിയും മാപ്പ് പറയണമെന്നുള്ള ആവശ്യവുമായി ബിജെപി രംഗത്ത് വന്നിരിക്കുന്നത്. രാജ്യാന്തര വേദിയില്‍ ഇന്ത്യയെ ആക്രമിക്കാന്‍ പാകിസ്ഥാനെ കോണ്‍ഗ്രസ് 'സഹായി'ച്ചെന്നാണ് ബിജെപിയുടെ ആരോപണം. മന്‍മോഹനെയും സോണിയെയും കൂടാതെ കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന രാഹുല്‍ ഗാന്ധി, സുശീല്‍ കുമാര്‍ ഷിന്‍ഡെ എന്നിവരും മാപ്പ് പറയണമെന്ന് പത്ര ആവശ്യപ്പെട്ടിട്ടുണ്ട്.

ഹിന്ദുക്കള്‍ക്കെതിരെയും ആര്‍എസ്എസിനെതിരെയും ബിജെപിക്കെതിരെയുമായി 2013ല്‍ ജയ്‍പൂരില്‍ വച്ച് കോണ്‍ഗ്രസ് നേതാവ് സുശീല്‍ കുമാര്‍ ഷിന്‍ഡെ  പറഞ്ഞ തെറ്റായ കാര്യങ്ങള്‍ക്ക് മാപ്പ് പറയണമെന്നാണ് പത്രയുടെ ആവശ്യം. ഷിന്‍ഡെ അക്കാര്യങ്ങള്‍ പറയുമ്പോള്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും വേദിയില്‍ ഉണ്ടായിരുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.