ജയിലിൽ കിടന്ന് മുഖ്യമന്ത്രി ഭരിക്കുമെന്ന് എഎപി നേതാക്കൾ ആവര്‍ത്തിച്ച സാഹചര്യത്തിലാണ് ബിജെപി നീക്കം

ദില്ലി: മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്രിവാളിന്റെ രാജി ആവശ്യപ്പെട്ട് ബിജെപി. ദില്ലി മുഖ്യമന്ത്രിയോട് രാജിവെക്കാൻ ആവശ്യപ്പെടണമെന്ന് ദില്ലി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് നൽകിയ കത്തിൽ ബിജെപി ആവശ്യപ്പെട്ടു. ജയിലിൽ കിടന്ന് മുഖ്യമന്ത്രി ഭരിക്കുമെന്ന് എഎപി നേതാക്കൾ ആവര്‍ത്തിച്ച സാഹചര്യത്തിലാണ് ബിജെപി നീക്കം. അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ ഇന്ത്യ സഖ്യം നേതാക്കളുമായി യോജിച്ചു പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ദില്ലി മന്ത്രി സൗരഭ് ഭരദ്വാജ് വ്യക്തമാക്കി.

കെജ്രിവാൾ രാജിവെക്കില്ല. മുഖ്യമന്ത്രിയായി തുടരും. എല്ലാ എംഎൽഎമാരും ഇക്കാര്യത്തിൽ യോജിച്ചു. ഇന്ത്യ സഖ്യം നേതാക്കളുമായി സംസാരിച്ചു. അറസ്റ്റിനെതിരെ സുപ്രീം കോടതിയെ സമീപിച്ചു. കോടതിയിൽ പ്രതീക്ഷയുണ്ട്. അറസ്റ്റ് ചെയ്യുമെന്ന് നേരത്തെ കോടതിയെ അറിയിച്ചതാണ്. ബാക്കി പ്രതിപക്ഷ നേതാക്കളെയും വൈകാതെ അറസ്റ്റ് ചെയ്യും. ചെറിയ പാർട്ടി എന്ന് എഎപിയെ അമിത് ഷാ കളിയാക്കിയതാണ്. എന്നിട്ടും എന്തിനാണ് ഈ പാർട്ടിയുടെ 4 പ്രധാന നേതാക്കളെ ജയിലിൽ അടച്ചത്? ജനം നോക്കി ഇരിക്കില്ലെന്നും തുടർ പ്രതിഷേധം നേതാക്കളുമായി കൂടി ആലോചിച്ച ശേഷം നടത്തുമെന്നും സൗരഭ് ഭരദ്വാജ് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്