ദില്ലി: അടിയന്തരാവസ്ഥയുടെ 44-ാം വാര്‍ഷികം  ചര്‍ച്ചയാക്കി ബിജെപി. അടിയന്തരാവസ്ഥയെ തീവ്രമായും ധീരമായും നേരിട്ടവരെ അഭിവാദ്യം ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അടിയന്തരവാസ്ഥയെക്കുറിച്ചുള്ള വിവരണങ്ങളടങ്ങിയ വീഡിയോയും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. 

രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ജനാധിപത്യത്തെ കശാപ്പ് ചെയ്തുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പ്രതികരിച്ചു. എന്നാൽ, കഴിഞ്ഞ അഞ്ച് വര്‍ഷം രാജ്യത്ത് സൂപ്പര്‍ അടിയന്തരാവസ്ഥയാണ് കണ്ടതെന്ന്  പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. ചരിത്രത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട് ജനാധിപത്യത്തെ സംരക്ഷിക്കാൻ മുന്നോട്ട് പോകണമെന്നും മമത ആവശ്യപ്പെട്ടു.

1975 ജൂൺ 25 നാണ് പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്.  21 മാസം നീണ്ട് നിന്ന അടിയന്തരാവസ്ഥ 1977 ലാണ് അവസാനിച്ചത്.