ഔറംഗാബാധ്: ഗാന്ധി ഘാതകനായ നാഥൂറാം ഗോഡ്സെയെ മനസ്സില്‍ കൊണ്ടുനടക്കുന്നവരാണ് മഹാത്മാഗാന്ധിയെക്കുറിച്ച് സംസാരിക്കുന്നതെന്ന് ബിജെപിസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ലോക്സഭാംഗം അസദുദ്ദീന്‍ ഒവൈസി. ഭരണപക്ഷം ഗോഡ്സെയെയാണ് നായകനായി കാണുന്നതെന്നും ഒവൈസി കുറ്റപ്പെടുത്തി.

''നമ്മള്‍ മഹാത്മാ ഗാന്ധിയുടെ 150ാം ജന്മദിനം ആഘോഷിക്കുകയാണ്. നിലവിലെ ബിജെപി സര്‍ക്കാരിന് നാഥൂറാം ഗോഡ്സെ മനസ്സിലും മാഹാത്മാഗാന്ധി വാക്കുകളിലുമാണ്.'' - ഒവൈസി പറഞ്ഞു. 

ഗാന്ധിയുടെ പേരിലാണ് ബിജെപി കച്ചവടം നടത്തുന്നത്. ഗാന്ധിജിയുടെ പേര് പറഞ്ഞ് സര്‍ക്കാര്‍ രാജ്യത്തെ മുഴുവനും കബളിപ്പിക്കുകയാണ്. ഗോഡ്സെയെയാണ് സര്‍ക്കാര്‍ നായകനായി കാണുന്നത്. ഗോഡ്സെ മൂന്ന് വെടിയുണ്ടകള്‍കൊണ്ടാണ് ഗാന്ധിയെ കൊന്നതെങ്കില്‍ ഇവര്‍ ദിവസവും കൊന്നുകൊണ്ടിരിക്കുകയാണെന്നും  അദ്ദേഹം പറഞ്ഞു. 

ഒക്ടോബര്‍ 21ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഹാരാഷ്ട്രയിലെ ഔറംഗാബാധില്‍ ആള്‍ ഇന്ത്യ മജ്ലിസ് ഇ ഇത്തിഹാത് ഉള്‍ മുസ്ലീം (എഐഎംഐഎം) സ്ഥാനാര്‍ത്ഥിക്കുവേണ്ടി ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.