ദില്ലി: മധ്യപ്രദേശിൽ നിന്നുള്ള ലോക്സഭാ എംപി വിരേന്ദ്ര കുമാർ പതിനേഴാം ലോക്സഭയുടെ പ്രോ ടെം സ്പീക്കറാകും. മധ്യപ്രദേശിലെ തികംഗഢ് ലോക്സഭാ മണ്ഡലത്തിൽ നിന്ന് ഏഴ് തവണ ജയിച്ച എംപിയാണ് വിരേന്ദ്രകുമാർ. കേന്ദ്രമന്ത്രിസഭയിൽ നിന്ന് ഒഴിവാക്കപ്പെട്ട മനേകാ ഗാന്ധി പ്രോ ടെം സ്പീക്കറായേക്കും എന്ന സൂചനകളാണുണ്ടായിരുന്നത്. എന്നാലിത്തവണ ഈ സ്ഥാനത്ത് നിന്നും അവരെ തഴഞ്ഞു. ജൂൺ 17-നാണ് പതിനേഴാം ലോക്സഭയുടെ ആദ്യ സമ്മേളനം. 

മനേകാ ഗാന്ധി മുമ്പ് മന്ത്രിയായിരുന്ന വനിതാ ശിശുക്ഷേമമന്ത്രാലയത്തിലെ സഹമന്ത്രിയായിരുന്നു വിരേന്ദ്ര കുമാർ. മാത്രമല്ല, ന്യൂനപക്ഷക്ഷേമ മന്ത്രാലയത്തിലെയും സഹമന്ത്രിയായിരുന്നു. മധ്യപ്രദേശിലെ ദളിത് ബിജെപി നേതാക്കളിൽ പ്രമുഖനായ വിരേന്ദ്ര കുമാറിന് ഇത്തവണ കേന്ദ്രമന്ത്രിപദം കിട്ടിയിരുന്നില്ല.

പ്രഹ്ളാദ് ജോഷിയുടെ കേന്ദ്ര പാർലമെന്‍ററി കാര്യമന്ത്രാലയമാണ് പ്രോ ടെം സ്പീക്കറെ തെരഞ്ഞെടുക്കുന്നത്. പാർലമെന്‍ററി കാര്യസമിതിയുടെ മേൽനോട്ടത്തിലാകും ഈ തെരഞ്ഞെടുപ്പ്. രാഷ്ട്രപതി രാം നാഥ് കോവിന്ദ് പ്രോ ടെം സ്പീക്കർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും.

പുതിയ ലോക്സഭാ സമ്മേളനത്തിന്‍റെ മാത്രം അധ്യക്ഷത വഹിക്കാൻ അവസരമുള്ള താത്കാലിക തസ്തിക മാത്രമാണ് പ്രോ ടെം സ്പീക്കറുടേത്. പതിനേഴാം ലോക്സഭയിലെ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത് പ്രോ ടെം സ്പീക്കറാണ്. പുതിയ ലോക്സഭയുടെ സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പുകളും പ്രോ ടെം സ്പീക്കറുടെ നേതൃത്വത്തിലാണ് നടക്കുക. 

മനേക ഗാന്ധിയുടെ പേരാണ് ഈ സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ പറഞ്ഞു കേട്ടിരുന്നത്. ഉത്തർപ്രദേശിലെ സുൽത്താൻ പൂർ ലോക്സഭാ മണ്ഡലത്തിൽ നിന്നാണ് മനേക ഗാന്ധി ഇത്തവണ മത്സരിച്ച് ജയിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുസ്ലീങ്ങൾ വോട്ട് ചെയ്തില്ലെങ്കിൽ അതനുസരിച്ച് മാത്രമേ പരിഗണിക്കൂ എന്ന് മനേക ഗാന്ധി ഭീഷണി മുഴക്കിയത് വിവാദമായിരുന്നു. ഇതിന്‍റെ പേരിൽ മനേകയെ തെരഞ്ഞെടുപ്പ് കമ്മീഷൻ രണ്ട് ദിവസത്തേക്ക് പ്രചാരണത്തിൽ നിന്ന് വിലക്കുകയും ചെയ്തു.