പശ്ചിമ ബംഗാളിനെ ഗുജറാത്താക്കുമെന്ന് ബിജെപി നേതാവ് ദിലീപ് ഘോഷ്. ഇടത് നേതാക്കള്‍ക്കെതിരെ രൂക്ഷ പരാമര്‍ശവുമായാണ് ദിലീപ് ഘോഷിന്‍റെ പ്രസ്താവനയെന്നാണ് ദി ഇന്ത്യ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ബിമന്‍ ബോസ്, മുന്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യ എന്നിവര്‍ പശ്ചിമ ബംഗാളിലെ  ആളുകള്‍ ഡോക്ടര്‍മാരോ എന്‍ജീനിയര്‍മാരോ ആകുന്നില്ലെന്നും ഗുജറാത്തില്‍ പോയി ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികളാണ് ഉണ്ടാവുകയെന്നും ഉറപ്പുള്ളവരായിരുന്നു.

ഇവിടെ ഭരണം ലഭിച്ചാല്‍ പശ്ചിമ ബംഗാളിനെ ഗുജറാത്ത് പോലെയാക്കും. ബംഗാളിനെ ഗുജറാത്ത് ആക്കുമെന്നാണ് ദീദിയുടെ ആക്ഷേപവും. ഞങ്ങള്‍ ബംഗാളിനെ ഗുജറാത്ത് ആക്കും അതുകൊണ്ട് നമ്മുടെ മക്കള്‍ക്ക് ഇവിടെ തന്നെ ജോലി ചെയ്യാന്‍ സാധിക്കും എന്നാണ് ദിലീപ് ഘോഷ് കഴിഞ്ഞ ദിവസം പറഞ്ഞത്. ബാരാസാത് എന്നയിടത്ത് ആളുകളെ അഭിസംബോധന ചെയ്യുകയായിരുന്നു ദിലീപ് ഘോഷ്. എന്നാല്‍ ബിജെപി സംസ്ഥാന നേതാവിന് ചുട്ടമറുപടിയാണ് തൃണമൂല്‍ കോണ്‍ഗ്രസ് നല്‍കിയിട്ടുള്ളത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും സംസ്ഥാന മന്ത്രിയുമായ ഫിര്‍ഹാദ് ഹക്കീമാണ് ബിജെപിക്ക് മറുപടി നല്‍കിയിട്ടുള്ളത്.

2002ലെ കലാപത്തില്‍ രണ്ടായിരത്തോളം പേരാണ് ഗുജറാത്തില്‍ കൊല്ലപ്പെട്ടിട്ടുള്ളത്. ബംഗാളിനെ ഗുജറാത്താക്കിയാല്‍ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെടുമോയെന്ന ഭയം ആളുകള്‍ക്കുണ്ടെന്നാണ് ഫിര്‍ഹാദ് ഹക്കീം മറുപടി നല്‍കിയത്. അതുകൊണ്ട് തന്നെ ബംഗാളിനെ ഗുജറാത്താക്കേണ്ട കാര്യമില്ല. ഇത് രബീന്ദ്രനാഥ ടാഗോറിന്‍റെ ബംഗാളാണ്, നാസ്റുളിന്‍റെ ബംഗാളാണ്. സാംസ്കാരിക പാരമ്പര്യം ഉള്‍ക്കൊള്ളണോ അതോ ഗുജറാത്തിലെ കലാപ രാഷ്ട്രീയം സ്വീകരിക്കണോയെന്നത് ജനങ്ങള്‍ സ്വീകരിക്കുമെന്ന് ഫിര്‍ഹാദ് ഹക്കീം കൂട്ടിച്ചേര്‍ത്തു.