ദില്ലി: മോദി സര്‍ക്കാര്‍ അധികാരമേറ്റെടുത്തതിനെ പിന്നാലെ ഏകീകൃത സിവില്‍കോഡ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ദില്ലി ഹൈക്കോടതിയില്‍ ബിജെപി നേതാവ് വ്യാഴാഴ്ച പൊതുതാല്‍പര്യ ഹര്‍ജി നല്‍കി. ഏകീകൃത സിവില്‍കോഡ് നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് കോടതി നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ടാണ് ബിജെപി നേതാവ് അശ്വിനി കുമാര്‍ ഉപാധ്യായ ഹര്‍ജി നല്‍കിയത്. രാജ്യത്തെ എല്ലാ പൗരന്മാരും ഏകസിവില്‍ കോഡിന് കീഴില്‍ വരണമെന്നും വ്യക്തി നിയമം റദ്ദ് ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

ഏകീകൃത സിവില്‍കോഡ് ഭരണഘടന ആര്‍ട്ടിക്കിള്‍ 44ല്‍ ഉള്‍പ്പെടുത്തണമെന്നും 1965മുതല്‍ ഗോവയില്‍ ഏകസിവില്‍ കോഡ് നടപ്പാക്കിയിട്ടുണ്ടെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. ഏകീകൃത സിവില്‍കോഡ് തയ്യാറാക്കുന്നതിനായി ജുഡീഷ്യല്‍ കമ്മീഷനെയോ ഉന്നതതല വിദഗ്ധ കമ്മിറ്റിയെയോ നിയമിക്കണമെന്നും അഭിഭാഷകന്‍ കൂടിയായ അശ്വിനികുമാര്‍ ഹര്‍ജിയില്‍ പറഞ്ഞു.

എല്ലാ മതാചാരങ്ങള്‍ക്കും അര്‍ഹമായ പ്രാധാന്യം നല്‍കുന്നതോടൊപ്പം ഏകീകൃത സിവില്‍കോഡ് നടപ്പാക്കിയാല്‍ ഇന്ത്യക്ക് അന്താരാഷ്ട്ര തലത്തില്‍ നേട്ടമാകുമെന്നും ഹര്‍ജിയില്‍ പറയുന്നു. ബിജെപിയുടെയും സംഘ്പരിവാര്‍ സംഘടനകളുടെയും ദീര്‍ഘകാലത്തെ ആവശ്യമാണ് ഏകസിവില്‍ കോഡ് റദ്ദാക്കണമെന്നത്. മുന്നോടിയായി മുത്തലാഖ് നിരോധന നിയമം പാസാക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ നടപടിയെടുത്തിരുന്നു. എന്നാല്‍, ബില്‍ രാജ്യസഭ കടന്നില്ല.