റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി. തെരഞ്ഞെടുപ്പില്‍ ഇനി നാലു ഘട്ടങ്ങള്‍ ബാക്കിനില്‍ക്കേ മുഖ്യ പാര്‍ട്ടി വക്താവും പ്രധാന നേതാക്കളില്‍ ഒരാളുമായ പ്രവീണ്‍ പ്രഭാകറാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്.

എന്നാല്‍, നാഷണല്‍ പീപ്പീള്‍സ് പാര്‍ട്ടിയില്‍ ചേര്‍ന്ന പ്രവീണ്‍ നള നിയമസഭ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും. ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്‍റ്സ് യൂണിയന്‍റെ സ്ഥാപക അംഗങ്ങളില്‍ ഒരാളായ പ്രവീണ്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി ബിജെപിയോട് ചേര്‍ന്നാണ് പ്രവര്‍ത്തിച്ചിരുന്നത്. 2014ല്‍ ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്‍റ്സ് യൂണിയന്‍ ബിജെപിയുടെ സഖ്യത്തിലായിരുന്നു.

പക്ഷേ, ഇത്തവണ ആ സഖ്യവും നിലവിലില്ല. ജാര്‍ഖണ്ഡിലെ സീറ്റ് വിഭജനത്തിലെ പ്രശ്നങ്ങളില്‍ പ്രവീണ്‍ അസന്തുഷ്ടനായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ നിന്നും ആഭ്യന്തര മന്ത്രി അമിത് ഷായില്‍ നിന്നും താന്‍ ഒരുപാട് പഠിച്ചുവെന്ന് പ്രവീണ്‍ പറഞ്ഞു.

എന്നാല്‍, ജാര്‍ഖണ്ഡിലെ ബിജെപിയോട് ചേര്‍ന്നു പോകാനാകില്ല. പാര്‍ട്ടി ആത്മപരിശോധന നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിക്ക് (എന്‍പിപി) അടുത്തിയിടെയാണ് ദേശീയ പാര്‍ട്ടി പദവി ലഭിക്കുന്നത്. 

മഹാരാഷ്ട്രയില്‍ ശിവസേന ഉണ്ടാക്കിയ പ്രതിസന്ധി ആവര്‍ത്തിക്കാതിരിക്കാന്‍ ജാര്‍ഖണ്ഡില്‍ ബിജെപി കരുതലോടെ മുന്നോട്ടു പോകുന്നതിനിടെയാണ്  അപ്രതീക്ഷിതമായി പ്രവീണിന്‍റെ രാജി. ജാര്‍ഖണ്ഡില്‍ ബിജെപി സര്‍ക്കാരിനെ നിലവില്‍ പിന്തുണയ്ക്കുന്ന ജാര്‍ഖണ്ഡ് സ്റ്റുഡ‍ന്‍സ് യൂണിയനെ പോലും കൂടെക്കൂട്ടാതെ തനിച്ചാണ് ഇത്തവണ ബിജെപിയുടെ മല്‍സരം.

ജാര്‍ഖണ്ഡിലെ സര്‍ക്കാരിന് പിന്തുണ നല്‍കുന്ന ജാര്‍ഖണ്ഡ് സ്റ്റുഡന്‍സ് യൂണിയന്‍ ഇത്തവണ 19 സീറ്റ് ആവശ്യപ്പെട്ടപ്പോള്‍ മുന്നണിക്ക് തയ്യാറാവാതെ തനിച്ച് മല്‍സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു ബിജെപി. എല്‍ജെപിയും ജെഡിയും എല്ലാം തനിച്ചാണ് ഇത്തവണ ജാര്‍ഖണ്ഡില്‍ കളത്തിലിറങ്ങുന്നത്. തനിച്ച് മല്‍സരിക്കുന്നതാണ് നല്ലതെന്നാണ് ബിജെപിയിലെ ഒരു വിഭാഗം നേതാക്കള്‍ പറയുന്നത്.

നവംബര്‍ മുപ്പതിനാണ് ആദ്യ ഘട്ട വോട്ടെടുപ്പ് ജാര്‍ഖണ്ഡില്‍ നടന്നത്. ഡിസംബര്‍ 20-നാണ് അഞ്ചാമത്തേയും അവസനാത്തേയും വോട്ടെടുപ്പ്. ഡിസംബര്‍ 23-നാണ് ഫലപ്രഖ്യാപനം.