മികച്ച അഭിഭാഷകരെ ലഭ്യമല്ലാത്തതിനാൽ സാമ്പത്തികമായി ദുർബലരായവർക്ക് നീതി ലഭിക്കുന്നില്ലെന്ന് എംഎൽഎയായ കാലത്ത് മനസ്സിലാക്കി. അത്തരക്കാരെ സഹായിക്കാൻ നിയമം പഠിക്കണമെന്നാണ് ആഗ്രഹം. അതുകൊണ്ടാണ് പഠനം തുടർന്നതെന്നും അദ്ദേഹം പറഞ്ഞു.
ബറേലി(ഉത്തര്‍പ്രദേശ്): 12ാം ക്ലാസ് പരീക്ഷയെഴുതുന്ന കൗമാരക്കാർക്കിടയിൽ ഒരു മധ്യവയസ്കനെ കണ്ടപ്പോൾ എല്ലാവരും ഒന്നമ്പരന്നു. കൈയിൽ അഡ്മിഷൻ കാർഡും റൈറ്റിംഗ് പാഡും വാട്ടർ ബോട്ടിലുമായി മധ്യവയസ്കൻ ആത്മവിശ്വാസത്തോടെ പരീക്ഷക്കിരുന്നു. ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം. പരീക്ഷയെഴുതിയത് ചില്ലറക്കാരനുമായിരുന്നില്ല. ബിജെപി നേതാവും മുൻ എംഎൽഎയുമായ രാജേഷ് മിശ്ര എന്ന പപ്പു ബർത്തൗൾ. പരീക്ഷയ്ക്ക് വന്ന വിദ്യാർത്ഥികൾ ആദ്യം എന്നെ കണ്ട് ആശ്ചര്യപ്പെട്ടു. എന്നാൽ അവരുടെ പ്രദേശത്തെ നേതാവ് തങ്ങൾക്കൊപ്പം പരീക്ഷ എഴുതുന്നത് കണ്ടപ്പോൾ അവർക്ക് സന്തോഷം തോന്നി-51 കാരനായ മിശ്ര പറഞ്ഞു.
2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയിൽ നിന്ന് ടിക്കറ്റ് ലഭിച്ച മിശ്ര ബറേലിയിലെ ബിത്രി ചെയിൻപൂർ മണ്ഡലത്തിൽ നിന്ന് വിജയിച്ചു. എന്നാൽ, കഴിഞ്ഞ വർഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് പാർട്ടി ടിക്കറ്റ് നിഷേധിച്ചു, തുടർന്ന് സജീവ രാഷ്ട്രീയ പ്രവർത്തനത്തോടൊപ്പം നിലച്ചുപോയ വിദ്യാഭ്യാസം തുടരാൻ തീരുമാനിച്ചു. പഠിച്ച് അഭിഭാഷകനാകണമെന്നാണ് മിശ്രയുടെ ആഗ്രഹം. അതിനായുള്ള കടുത്ത പരിശ്രമത്തിലാണ് അദ്ദേഹം.
മികച്ച അഭിഭാഷകരെ ലഭ്യമല്ലാത്തതിനാൽ സാമ്പത്തികമായി ദുർബലരായവർക്ക് നീതി ലഭിക്കുന്നില്ലെന്ന് എംഎൽഎയായ കാലത്ത് മനസ്സിലാക്കി. അത്തരക്കാരെ സഹായിക്കാൻ നിയമം പഠിക്കണമെന്നാണ് ആഗ്രഹം. അതുകൊണ്ടാണ് പഠനം തുടർന്നതെന്നും അദ്ദേഹം പറഞ്ഞു. സയൻസ് വിഷയങ്ങളിൽ താൽപര്യമുണ്ടായിട്ടും അഭിഭാഷകനാകാനായി ആർട്സ് വിഷയം തെരഞ്ഞെടുക്കുകയായിരുന്നു.
ഹിന്ദി, ഫൈൻ ആർട്‌സ്, സോഷ്യൽ സ്റ്റഡീസ്, സോഷ്യോളജി എന്നീ വിഷയങ്ങളാണ് മിശ്ര തെരഞ്ഞെടുത്തത്.
ഞാൻ രാത്രി 11 മണി മുതൽ പുലർച്ചെ 1 മണി വരെ പഠിക്കുന്നു. പകൽ പോലും പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സമയം കണ്ടെത്തുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇദ്ദേഹത്തിന്റെ മൂന്ന് മക്കൾ ബിരുദധാരികളാണ്. മിശ്രയുടെ ആഗ്രഹത്തിന് കുടുംബത്തിന്റെ പൂർണ പിന്തുണയുമുണ്ട്. ഒന്നിനെക്കുറിച്ചും ആകുലപ്പെടാതെ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. യുവ വിദ്യാർഥികളോടും ഇതാണ് പറയാനുള്ളത്. ശ്രദ്ധയോടെ പ്രവർത്തിക്കുക എന്നതാണ് ജീവിത വിജയത്തിനുള്ള ഏക മന്ത്രമെന്നും മിശ്ര പറഞ്ഞു.
