പനാജി: പൗരത്വ നിയമ ഭേദ​​ഗതിക്കെതിരെ രാജ്യത്തിന്റെ വിവിധ മേഖലകളിൽ പ്രതിഷേധങ്ങൾ ഉയരുന്നതിനിടെ പ്രതികരണവുമായി ബിജെപി ദേശീയ ഉപാധ്യക്ഷന്‍ അവിനാഷ് റായി ഖന്ന. നരേന്ദ്ര മോദി സർക്കാർ ഒരിക്കലും രാജ്യത്തെ നാണക്കേടിലാക്കില്ലെന്ന് റായ് ഖന്ന പറഞ്ഞു. 

സിഎഎയുടെ പ്രാധാന്യം പൊതുജനങ്ങൾക്ക് വിശദീകരിക്കാൻ പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവിനാഷ് റായി ഖന്ന കൂട്ടിച്ചേർത്തു. ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനും സി‌എ‌എ പാസാക്കിയതിനും എൻ‌ഡി‌എ സർക്കാരിനെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. 

"അഭയാർഥികളും നുഴഞ്ഞുകയറ്റക്കാരും തമ്മിൽ വ്യത്യാസമുണ്ട്. പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ ആരെങ്കിലും നിങ്ങളുടെ വീടിനുള്ളിൽ ബലമായി വന്നാൽ, അവൻ നുഴഞ്ഞുകയറ്റക്കാരനാണ്. അവൻ അഭയം തേടി വന്നാൽ അയാൾ ഒരു അഭയാർത്ഥിയാണ്"അവിനാഷ് റായി ഖന്ന പറഞ്ഞു. അഭയാർഥികൾക്ക് സംരക്ഷണം നൽകണമെന്നും നുഴഞ്ഞുകയറ്റക്കാരെ ശക്തമായി കൈകാര്യം ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.