അണ്ണാ ഹസാരെയ്ക്കും ബാബാ രാംദേവിനും ദില്ലിയിലെ രാംലീല മൈതാനിയില്‍ വലിയ രീതിയില്‍ ആളുകളെ ചേര്‍ത്ത് അവരുടെ കാര്യങ്ങള്‍ പറയാന്‍ സാധിക്കുമ്പോള്‍ എന്തുകൊണ്ടാണ് കര്‍ഷകര്‍ക്ക് അനുമതി നിഷേധിക്കുന്നതെന്ന് ബിജെപി നേതാവ്. ദില്ലി ചലോ പ്രതിഷേധ മാര്‍ച്ച് നടത്തുന്ന കര്‍ഷകരുമായി സംസാരിക്കാന്‍ നിയോഗിച്ച എട്ടംഗ പാനലിലെ അംഗം കൂടിയായ സുര്‍ജിത് കുമാര്‍ ജയാനിയുടേതാണ് പരാമര്‍ശം. പഞ്ചാബിലെ ബിജെപി നേതാവായ സുര്‍ജിത് കുമാര്‍ ജയാനി നേരത്തെ മുന്‍മന്ത്രി കൂടിയാണ്. 

ഇത് ജനാധിപത്യമാണ്. ഇവിടെ സംസാരിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. കര്‍ഷക സമരത്തെ കണ്ണീര്‍ വാതകവും ജലപീരങ്കിയും ഉപയോഗിച്ച് അടിച്ചമര്‍ത്താനുള്ള ശ്രമത്തെയും ബിജെപി നേതാവ് അപലപിച്ചു. ദില്ലിയില്‍ നിന്ന് തയ്യാറാക്കിയ കാര്‍ഷിക ബില്ലുകളേക്കുറിച്ച് അറിയണമെന്നും ആശങ്കകള്‍ ദുരീകരിക്കണമെന്നും ആഗ്രഹിക്കുന്ന കര്‍ഷകരാണ് അവര്‍. അതിനാല്‍ അവര്‍ക്ക് ദില്ലിയിലേക്ക് എത്താനുള്ള അനുമതി നല്‍കണം. അവരുടെ കാര്യങ്ങള്‍ മുന്നോട്ട് വയ്ക്കാനുള്ള അവസരം നല്‍കാതെ തടയുന്നത് ശരിയല്ലെന്നും സുര്‍ജിത് കുമാര്‍ ജയാനി  കൂട്ടിച്ചേര്‍ക്കുന്നു. 

കര്‍ഷകരോടെ സൌഹാര്‍ദ്ദപരമായി ഇടപെടണമെന്ന് പൊലീസുകാരോടെ ആവശ്യപ്പെടണമെന്ന് ഹരിയാന മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര ആഭ്യന്ത മന്ത്രി അമിത് ഷായുമായും ഇക്കാര്യം സംസാരിച്ചതായും സുര്‍ജിത് കുമാര്‍ ജയാനി പറഞ്ഞതായാണ് ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട്. താനുമൊരു കര്‍ഷകനാണ് അതിനാല്‍ തന്നെ അവരുടെ ആശങ്ക മനസിലാവുമെന്നും സുര്‍ജിത് കുമാര്‍ ജയാനി പറയുന്നു.