അടി തടയാൻ ശ്രമിച്ച സംസ്ഥാന നേതാവിനും കിട്ടി പൊതിരെ തല്ല്. ഇയാളുടെ ഷർട്ട് കീറുകയും ചെയ്തു. അടിക്ക് പിന്നാലെ പ്രദേശത്ത് ഏറെനേരം സംഘർഷം നിലനിന്നു.
ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ ബിജെപി നേതാക്കൾ തമ്മിൽ കൂട്ടയടി. ഡിന്നർ പാർട്ടിക്കിടെയാണ് ബിജെപി നേതാക്കൾ തമ്മിൽത്തല്ലിയത്. ഗുരുതരമായി പരിക്കേറ്റ സൗഗത് മിശ്ര എന്ന യുവനേതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇൻഡോർ യുവമോർച്ച ജില്ലാ പ്രസിഡന്റാണ് സൗഗത് മിശ്ര. ഗിയാനി ജി ധാബ എന്ന സ്ഥാപനത്തിലാണ് പാർട്ടി സംഘടിപ്പിച്ചത്. പാർട്ടിക്കിടെ ശുഭേന്ദ്ര ഗൗർ എന്ന നേതാവിന്റെ അച്ഛനെക്കുറിച്ച് സൗഗത് മിശ്ര പറഞ്ഞതാണ് പ്രശ്നങ്ങളുടെ തുടക്കം. തുടർന്നുണ്ടായ തർക്കം അടിയിൽ കലാശിച്ചു. സംസ്ഥാന യുവനേതാവ് വൈഭവ് പവാറിന്റെ മുന്നിൽവെച്ച് അപമാനിച്ചതാണ് ഗൗറിനെ ചൊടിപ്പിച്ചത്.
അടി തടയാൻ ശ്രമിച്ച സംസ്ഥാന നേതാവിനും കിട്ടി പൊതിരെ തല്ല്. ഇയാളുടെ ഷർട്ട് കീറുകയും ചെയ്തു. അടിക്ക് പിന്നാലെ പ്രദേശത്ത് ഏറെനേരം സംഘർഷം നിലനിന്നു. പ്രശ്നത്തിൽ ഉൾപ്പെട്ടവരെ മുതിർന്ന നേതാക്കൾ പാർട്ടി ഓഫിസിലേക്ക് വിളിപ്പിച്ചു. എല്ലാം നേതാക്കൾ പറയുമെന്ന് സംഘർഷമുണ്ടാക്കിയവർ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തെക്കുറിച്ച് ഉന്നത നേതാക്കളെ അറിയിച്ചിട്ടുണ്ടെന്ന് സൗഗത് മിശ്ര പറഞ്ഞു. ഈ വർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാർട്ടി നേതാക്കൾ പൊതുമധ്യത്തിൽ തമ്മിൽത്തല്ലിയത് തിരിച്ചടിയായിട്ടുണ്ട്.
