ദില്ലി: കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച ഗായിക കനികയ്ക്ക് ഒപ്പം ഡിന്നർ പാർട്ടിയിലുണ്ടായിരുന്ന ബിജെപി നേതാവ് വസുന്ധര രാജ സിന്ധ്യയും മകനും കൊവിഡ് നിരീക്ഷണത്തിൽ. വസുന്ധര തന്നെ ഇക്കാര്യം ട്വീറ്റ് ചെയ്യുകയായിരുന്നു.

ലഖ്നൗവിൽ കഴിഞ്ഞ ദിവസമാണ് പരിപാടി നടന്നത്. മകൻ ദുഷ്യന്തിനും അദ്ദേഹത്തിന്റെ ഭാര്യയുടെ കുടുംബത്തിനും ഒപ്പമായിരുന്നു ഇവർ പരിപാടിയിൽ പങ്കെടുത്തത്. കനികയും ഡിന്നറിന് എത്തിയിരുന്നു. 

കനികയ്ക്ക് രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഉയർന്ന മുൻകരുതലെന്നോണം താനും മകനും സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചുവെന്നാണ് വസുന്ധരയുടെ ട്വീറ്റ്. ആവശ്യമായ എല്ലാ മുൻകരുതലുകളും തങ്ങൾ സ്വീകരിച്ചതായും അവർ വ്യക്തമാക്കി.

ബോളിവുഡ് പിന്നണി ഗായികയും 'ബേബി' ഡോൾ ഫെയിമുമായ കനിക കപൂറിന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഈ മാസം 15നാണ് കനിക ലണ്ടനിൽ നിന്ന് മടങ്ങിയെത്തിയത്. കനികയുടെ കുടുംബാംഗങ്ങളെല്ലാം നിരീക്ഷണത്തിലാണ്. കനിക ലഖ്‌നൗവിലെ കിങ്ങ് ജോർജ്‌സ് മെഡിക്കൽ യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ ചികിത്സയിലാണ്.

ലണ്ടനിൽ പോയ വിവരം കനിക മറച്ചുവെച്ചെന്നാണ് വ്യക്തമാകുന്നത്. മാത്രമല്ല തിരികെയെത്തിയ ശേഷം ഇവര്‍ ഒരു സെലിബ്രിറ്റി പാർട്ടി സംഘടിപ്പിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. രാഷ്ട്രീയ-സിനിമ-നയതന്ത്ര രംഗത്തുനിന്നുള്ള നിരവധി ആളുകൾ ഈ പാർട്ടിയിൽ പങ്കെടുത്തതായാണ് വിവരം. ഇവർ താമസിച്ചിരുന്ന ആഡംബര ഫ്ലാറ്റ് ക്വാറന്റൈൻ ചെയ്യുക എന്നതും പാർട്ടിയിൽ പങ്കെടുത്തവരെ കണ്ടെത്തി നിരീക്ഷണത്തിന് വിധേയരാക്കുക എന്നതും ശ്രമകരമായ ജോലിയാണെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക