അയോധ്യ ക്ഷേത്രക്കൊളളയില്‍ ചമ്പത് റായിയും മറ്റ് ട്രസ്റ്റ് ഭാരവാഹികളും ജയിലിലായേക്കുമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് വിനയ് കത്യാര്‍.  പ്രതികള്‍ സംഭാവന കടത്തുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കിട്ടിയത് അന്വേഷണത്തില്‍ വഴിത്തിരിവാകും.

ദില്ലി: അയോധ്യ ക്ഷേത്രക്കൊളളയില്‍ ട്രസ്റ്റ് മുന്‍ ജനറല്‍ സെക്രട്ടറിയും വിശ്വഹിന്ദു പരിഷത്ത് ഉപാധ്യക്ഷനുമായ ചമ്പത് റായിക്ക് കുരുക്ക് മുറുകുന്നു. ഇന്നലെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്ത് ചമ്പത് റായിയെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കി. ചമ്പത് റായിയും മറ്റ് ട്രസ്റ്റ് ഭാരവാഹികളും ജയിലിലായേക്കുമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് വിനയ് കത്യാര്‍ പറഞ്ഞു. പ്രതികള്‍ സംഭാവന കടത്തുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കിട്ടിയത് അന്വേഷണത്തില്‍ വഴിത്തിരിവാകും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രാജ്യം കണ്ട ഏറ്റവും വലിയ ക്ഷേത്ര കുംഭകോണത്തില്‍ നിന്ന് ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായിക്ക് കൈകഴുകി നില്‍ക്കാനാവില്ല. രണ്ട് തവണ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്ത ചമ്പത് റായിക്ക് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കി. ഇന്നോ വരും ദിവസങ്ങളിലോ വീണ്ടും ചോദ്യം ചെയ്തേക്കും. നിര്‍ണ്ണായകമായ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്ന ചമ്പത് റായി നിരപരാധിത്വം സ്ഥാപിക്കാന്‍ മാത്രമുള്ള മറുപടികളാണ് നല്‍കുന്നതെന്നാണ് സൂചന. തട്ടിപ്പ് നടന്ന വിവരം ചമ്പത്റായിക്ക് അറിയാമെന്നാണ് 20 കൊല്ലമായി ഒപ്പമുണ്ടായിരുന്ന ടിന്നു യാദവടക്കം നല്‍കിയ മൊഴികളിലുള്ളത്. ഇപ്പോള്‍ അറസ്റ്റിലായവരടക്കം കാണിക്ക എണ്ണാനായി റിക്രൂട്ട് ചെയ്തവര്‍ക്കായി ഏറ്റവുമൊ‍ടുവില്‍ നടത്തിയ അഭിമുഖവും ചമ്പത് റായിയും അനില്‍ മിശ്രയും ചേര്‍ന്നാണ് നടത്തിയത്. ചമ്പത് റായിയെ അറസ്റ്റ് ചെയ്യണമെന്ന സമ്മര്‍ദ്ദം അയോധ്യ ബാര്‍ അസോസിയേഷനും ശക്തമാക്കി. ചമ്പത് റായിയും ട്രസ്റ്റികളായ അനില്‍ മിശ്രയും ഗോപാല്‍ റാവുവും അകത്താകാന്‍ സാധ്യതയുണ്ടെന്ന മുതിര്‍ന്ന ബിജെപി നേതാവ് വിനയ് കത്യാര്‍ നല്‍കുന്ന സൂചന നിര്‍ണ്ണായകമായേക്കാം. പ്രധാനമന്ത്രിയോട് കൊള്ളയെ കുറിച്ച് സംസാരിച്ചെന്നും ഭാവിയില്‍ എന്ത് സംഭവിക്കുമെന്ന് അദ്ദേഹം ചോദിച്ചെന്നും വിനയ് കത്യാര്‍ പറഞ്ഞു.

ഇതിനിടെ ഭണ്ഡാരത്തില്‍ നിന്നെടുത്ത പണം അഞ്ച് പ്രതികള്‍ ക്ഷേത്രത്തിന് പുറത്തേക്ക് കടത്തുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്. പണം ആദ്യം ശുചിമുറിയിലേക്ക് മാറ്റുന്നു. പിന്നീട് പലരിലൂടെ പുറത്തേക്ക് കൊണ്ട് പോകുന്നു. പണം കൊണ്ടു പോകുന്നത് എവിടേക്കെന്ന് വ്യക്തമാകാതിരിക്കാന്‍ പുറത്തേക്കുള്ള സിസിടിവികള്‍ക്ക് മുന്നില്‍ ആള്‍ക്കൂട്ടത്തെ സജ്ജമാക്കി നിര്‍ത്തിയിരിക്കുന്നതും 45 ദിവസത്തെ ദൃശ്യങ്ങളില്‍ വ്യക്തമാണെന്ന് അന്വേഷണ സംഘം സൂചിപ്പിക്കുന്നു. കാണിക്ക എണ്ണാനായി 50 പേരെയാണ് ട്രസ്റ്റ് നിയോഗിച്ചിരുന്നത്. അതേസമയം, ക്ഷേത്രക്കൊള്ളയുടെ സ്മാരകങ്ങളായി മാറാവുന്ന വീടുകള്‍ തകര്‍ത്ത് കളയാനാണ് യോഗി സര്‍ക്കാരിന്‍റെ നീക്കം. ക്ഷേത്രത്തില്‍ നിന്ന് തട്ടിയ പണം കൊണ്ട് നിര്‍മ്മിക്കുന്നതെന്ന് കരുതുന്ന വീടുകള്‍ പൊളിച്ചുമാറ്റുന്നതിന് മുന്നോടിയായി അയോധ്യ വികസന സമിതി ലവ് കുശ് മിശ്രക്ക് പുറമെ അനുകല്‍പ് മിശ്രയെന്ന മറ്റൊരു പ്രതിക്കും നോട്ടീസ് നല്‍കിയിരിക്കുകയാണ്.

Asianet News Live| Kerala CM VD Satheesan | UDF | Kerala Breaking News |Malayalam News |HD Live News