ബെംഗളൂരുവിലെ പ്രമുഖ ഐടി കമ്പനിയായ ക്യാപ്‌ജെമിനിയുടെ ബ്രൂക്ക്‌ഫീൽഡ് കാമ്പസിനുള്ളിൽ പ്രവർത്തിക്കുന്ന ഡേകെയർ സെന്‍ററിൽ കുരുന്നുകളോട് ക്രൂരത കാട്ടിയ ജീവനക്കാർക്കെതിരെ കേസ്
ബെംഗളൂരു: ബെംഗളൂരുവിലെ പ്രമുഖ ഐടി കമ്പനിയായ ക്യാപ്‌ജെമിനിയുടെ ബ്രൂക്ക്‌ഫീൽഡ് കാമ്പസിനുള്ളിൽ പ്രവർത്തിക്കുന്ന ഡേകെയർ സെന്‍ററിൽ കുരുന്നുകളോട് ക്രൂരത കാട്ടിയ ജീവനക്കാർക്കെതിരെ കേസ്. രണ്ട് മുതൽ മൂന്ന് വയസ്സ് വരെ മാത്രം പ്രായമുള്ള കുട്ടികളെ വാഷിംഗ് മെഷീൻ ഡ്രമ്മിനുള്ളിൽ ഇരുത്തുക, ശുചിമുറിയിൽ പൂട്ടിയിടുക, കരയുമ്പോൾ വായയിലേക്ക് ടോയ്‌ലറ്റ് ജെറ്റ് സ്‌പ്രേ ഉപയോഗിച്ച് വെള്ളമടിക്കുക തുടങ്ങി അതീവ ക്രൂരമായ ശിക്ഷാ രീതികളാണ് ഇവിടെയുള്ള ജീവനക്കാർ കുട്ടികളോട് കാട്ടിയത്. സംഭവവുമായി ബന്ധപ്പെട്ട് മഞ്ജുള, വിജയലക്ഷ്മി, ഭവാനി, സിന്ധു, ബിന്ദു എന്നീ അഞ്ച് വനിതാ ജീവനക്കാർക്കെതിരെ ) ബെംഗളൂരു പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
ഡേകെയർ സെന്‍ററിലെ മറ്റൊരു ജീവനക്കാരി രഹസ്യമായി പകർത്തിയ ദൃശ്യങ്ങൾ ചൈൽഡ് ഹെൽപ്‌ലൈൻ അധികൃതർക്ക് ലഭിച്ചതോടെയാണ് ക്രൂരത പുറംലോകമറിഞ്ഞത്. കുട്ടികൾ കരയുമ്പോഴും ബഹളം വെക്കുമ്പോഴും അവരെ ഭീഷണിപ്പെടുത്തുന്നതും ക്രൂരമായി പീഡിപ്പിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഐടി കമ്പനിയിലെ ജീവനക്കാരുടെ കുട്ടികളാണ് ഇവിടെയുണ്ടായിരുന്നത്. സംഭവം വിവാദമായതോടെ ക്യാപ്‌ജെമിനി ഡേകെയർ സെന്‍റർ താൽക്കാലികമായി അടച്ചുപൂട്ടി. ജീവനക്കാരുടെയും അവരുടെ കുടുംബങ്ങളുടെയും സുരക്ഷയ്ക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുമെന്നും കമ്പനി പ്രസ്താവനയിലൂടെ അറിയിച്ചു. പോലീസ് സംഭവസ്ഥലം സന്ദർശിച്ച് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. പ്രതികളായ ജീവനക്കാരോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകുമെന്നും, കുട്ടികളുടെ മാതാപിതാക്കളിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കുമെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കർണാടക സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനും ഈ വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.



