Asianet News MalayalamAsianet News Malayalam

നെല്ലൈ കണ്ണനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരം; മുന്‍ കേന്ദ്രമന്ത്രിയും ബിജെപി ദേശീയ സെക്രട്ടറിയും കസ്റ്റഡിയില്‍

മറീന ബീച്ചില്‍ പ്രക്ഷോഭം നടത്താന്‍ അനുമതി വാങ്ങിയില്ലെന്നും അതുകൊണ്ടാണ് കസ്റ്റഡിയിലെടുത്തതെന്നും പൊലീസ് അറിയിച്ചു. എല്‍ ഗണേഷന്‍, സി പി രാധാകൃഷ്ണന്‍ തുടങ്ങിയ മുതിര്‍ന്ന ബിജെപി നേതാക്കളും കസ്റ്റഡിയിലാണ്. 

BJP leaders H Raja, Pon Radhakrishnan, others detained
Author
Chennai, First Published Jan 1, 2020, 7:23 PM IST

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരെ വിമര്‍ശിച്ച് സംസാരിച്ചതിന്  തമിഴ് പ്രാസംഗികന്‍ നെല്ലൈ കണ്ണനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരം നടത്തിയ ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ, മുന്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ എന്നിവരെ കസ്റ്റഡിയിലെടുത്തു. നരേന്ദ്ര മോദിയയും അമിത് ഷായയും നെല്ലൈ കണ്ണന്‍ അധിക്ഷേപിച്ചെന്നും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടു. ചെന്നൈ മറീന ബീച്ചിലാണ് സമരം നടത്തിയത്. മറീന ബീച്ചില്‍ പ്രക്ഷോഭം നടത്താന്‍ അനുമതി വാങ്ങിയില്ലെന്നും അതുകൊണ്ടാണ് കസ്റ്റഡിയിലെടുത്തതെന്നും പൊലീസ് അറിയിച്ചു.

എല്‍ ഗണേഷന്‍, സി പി രാധാകൃഷ്ണന്‍ തുടങ്ങിയ മുതിര്‍ന്ന ബിജെപി നേതാക്കളും കസ്റ്റഡിയിലാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരെ  സംസാരിച്ചപ്പോഴാണ് മോദി, അമിത് ഷാ എന്നിവര്‍ക്കെതിരെ നെല്ലൈ കണ്ണന്‍ വിമര്‍ശനമുന്നയിച്ചത്. വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. തുടര്‍ന്നാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. 

''പ്രധാമന്ത്രിയെയും അഭ്യന്തരമന്ത്രിയെയും കൊല്ലാന്‍ നെല്ലൈ കണ്ണന്‍ മുസ്ലീം വിഭാഗത്തോട് ആഹ്വാനം ചെയ്തു. തമിഴ്നാടു ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ഉടന്‍ നടപടിയെടുക്കണം'' -എച്ച് രാജ ട്വീറ്റ് ചെയ്തു. മോശം പരാമര്‍ശം നടത്തുകമാത്രമല്ല കണ്ണന്‍ ചെയ്തത്, പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമെതിരെ വധഭീഷണി മുഴക്കുകയും ചെയ്തുവെന്നും രാജ പറഞ്ഞു. തിരുനല്‍വേലിയില്‍ കണ്ണനെതിരെ പ്രതിഷേധം നടന്നു. 74 വയസ്സുള്ള കണ്ണനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. ഒരു സ്വകാര്യ ആശുപത്രി കണ്ണന് ചികിത്സ നിഷേധിച്ചു. പിന്നീട് മറ്റൊരു ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. 

Follow Us:
Download App:
  • android
  • ios