ശ്രീന​ഗർ: ജമ്മുകശ്മീരിലെ അനന്തനാഗിലുള്ള ലാൽ ചൗക്കിൽ ദേശീയ പതാക ഉയര്‍ത്തി ബിജെപി നേതാവ്. പ്രാദേശിക ബിജെപി നേതാവായ റുമീസ റഫീഖാണ് ലാൽചൗക്കിൽ ദേശീയ പതാക ഉയര്‍ത്തിയത്. ജമ്മുകശ്മീരിന് പ്രത്യേക അവകാശം നൽകിയിരുന്ന 370-ാം അനുഛേദം റദ്ദാക്കിയതിന്‍റെ ഒന്നാം വാര്‍ഷികമാണിന്ന്.

അതേസമയം, സമാധാനത്തോടെ പ്രതിഷേധിക്കാനുള്ള ജമ്മുകശ്മീര്‍ ജനതയുടെ ആഗ്രഹം തടയുകയും ഭരണകൂടത്തിന് താല്പര്യമുള്ള ചിത്രങ്ങൾ മാത്രം പ്രചരിപ്പിക്കുകയും ചെയ്യുകയാണെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തി പ്രതികരിച്ചു.. അനന്തനാഗിൽ ബിജെപി നേതാവ് ദേശീയപതാക ഉയർത്തിയതിനെ കുറിച്ചാണ് മെഹബൂബയുടെ പ്രതികരണം. 

സ്വാതന്ത്ര്യദിനത്തിന് പത്തുദിവസം മുമ്പ്, കടുത്ത നിയന്ത്രണങ്ങളിലേക്കാണ് കശ്മീര്‍ കഴിഞ്ഞ വര്‍ഷം നീങ്ങിയത്. കടകള്‍ എല്ലാം അടഞ്ഞു, സ്‌കൂളുകള്‍ പൂട്ടി, റോഡുകളില്‍ ഓരോ പ്രധാന പോയിന്റിലും ബാരിക്കേഡുകള്‍ സ്ഥാപിച്ചു. എങ്ങും കനത്ത സുരക്ഷയാണ്. കശ്മീരിന് പുറത്തേക്ക് വിളിക്കാന്‍ ഒരു മാര്‍ഗ്ഗവുമില്ല. ഇപ്പോഴും 150ഓളം നേതാക്കള്‍ തടവിലാണ്. ഫോര്‍ജി ഇന്റര്‍നെറ്റ് പുനസ്ഥാപിച്ചിട്ടില്ല. 170 കേന്ദ്ര നിയമങ്ങള്‍ പ്രത്യേകപദവി നഷ്ടമായ കശ്മീരില്‍ നടപ്പാക്കികഴിഞ്ഞു. 

Also Read: ജമ്മുകശ്മീര്‍ ബില്ല് അവതരിപ്പിച്ചിട്ട് ഒരു വര്‍ഷം, നിയന്ത്രണങ്ങളില്‍ മാറ്റമില്ല, ശ്രീനഗറില്‍ കര്‍ഫ്യു