ദില്ലി: ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയാനുള്ള ബില്‍ അവതരിപ്പിച്ചിട്ട് ഒരു വര്‍ഷമാകുന്നു. സ്വാതന്ത്ര്യദിനത്തിന് പത്തുദിവസം മുമ്പ്, കടുത്ത നിയന്ത്രണങ്ങളിലേക്കാണ് കശ്മീര്‍ കഴിഞ്ഞ വര്‍ഷം നീങ്ങിയത്. രണ്ടാഴ്ചക്കാലം ആ കാഴ്ചകള്‍ ഏഷ്യാനെറ്റ് ന്യൂസും പകര്‍ത്തിയിരുന്നു. ഭീകരസംഘടനകള്‍ പ്രതിഷേധത്തിന് ആഹ്വാനം നല്‍കിയ സാഹചര്യത്തില്‍ ഇന്നും നാളെയും ശ്രീനഗറില്‍ കര്‍ഫ്യു ഏര്‍പ്പെടുത്തി.

''ഞങ്ങള്‍ സന്തുഷ്ടരാണെന്ന് ആരാണ് പറഞ്ഞത്. ഞങ്ങള്‍ ഒട്ടും സന്തുഷ്ടരല്ല. ഫോണില്ല, ഇന്റനെറ്റില്ല. കശ്മീര്‍ ജനത ഇത് സ്വാഗതം ചെയ്‌തെന്ന് കള്ളം പറയുകയാണ് ''  - കശ്മീരിലെ പെണ്‍കുട്ടികള്‍ നിയന്ത്രണത്തോട് പ്രതികരിച്ചത് ഇങ്ങനെയാണ്

കടകള്‍ എല്ലാം അടഞ്ഞു, സ്‌കൂളുകള്‍ പൂട്ടി, റോഡുകളില്‍ ഓരോ പ്രധാന പോയിന്റിലും ബാരിക്കേഡുകള്‍ സ്ഥാപിച്ചു. എങ്ങും കനത്ത സുരക്ഷയാണ്. കശ്മീരിന് പുറത്തേക്ക് വിളിക്കാന്‍ ഒരു മാര്‍ഗ്ഗവുമില്ല.  മാധ്യമങ്ങള്‍ക്ക് റേഷന്‍ പോലെ നല്‍കിയ ഇന്റര്‍നെറ്റ് സംവിധാനത്തിലൂടെയാണ് ഏഷ്യാനെറ്റ് ന്യൂസും ചില ദൃശ്യങ്ങള്‍ പുറത്ത് എത്തിച്ചത്. കശ്മീരിനെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനാണ് തീരുമാനമെന്ന് 
പ്രധാനമന്ത്രി പറയുമ്പോഴും താഴ്വരയിലെ ജനങ്ങള്‍ അത് സ്വീകരിച്ച് കണ്ടില്ല.

തടവിലാക്കിയ നേതാക്കള്‍ എവിടെയന്ന് അന്ന് ആര്‍ക്കും അറിയുമായിരുന്നില്ല. അന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത് കശ്മീരിന്റെ ചരിത്രത്തിലെ ഒരു പുതിയ സ്വാതന്ത്ര്യ ദിനം. മറ്റൊരു കേന്ദ്രഭരണപ്രദേശമായ ലഡാക്കിലേക്ക് യാത്ര ചെയ്തപ്പോള്‍ തീരുമാനം സ്വാഗതം ചെയ്യുന്നവരായിരുന്നു ഭൂരിപക്ഷം. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഒരു മാസത്തിലധികം കശ്മീരില്‍ താമസിച്ച് സ്ഥിതി നിയന്ത്രിച്ചു.

ഇപ്പോഴും 150ഓളം നേതാക്കള്‍ തടവിലാണ്. ഫോര്‍ജി ഇന്റര്‍നെറ്റ് പുനസ്ഥാപിച്ചിട്ടില്ല. 170 കേന്ദ്ര നിയമങ്ങള്‍ പ്രത്യേകപദവി നഷ്ടമായ കശ്മീരില്‍ നടപ്പാക്കികഴിഞ്ഞു. ഒക്ടോബറില്‍ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായി കശ്മീര്‍ മാറി. ജമ്മുകശ്മീര്‍ സന്ദര്‍ശിക്കാന്‍ പ്രതിപക്ഷം നേതാക്കള്‍ക്ക് സുപ്രീം കോടതിയ സമീപിക്കേണ്ടി വന്നു. പ്രതിഷേധങ്ങള്‍ നിയന്ത്രിച്ചു നിര്‍ത്താന്‍ സര്‍ക്കാരിനായി. ജനവിശ്വാസം ആര്‍ജ്ജിക്കാനാകുമോ എന്ന ചോദ്യം ബാക്കി.

ജമ്മുകശ്മീരിന്റെ 370ആം അനുഛേദം റദ്ദാക്കിയിട്ട് ഒരു വര്‍ഷം ആകുമ്പോള്‍ തീരുമാനം ചോദ്യം ചെയ്തുള്ള ഹര്‍ജികളിലെ തീര്‍പ്പും സുപ്രീംകോടതിയില്‍ നീണ്ടുപോകുകയാണ്. ജസ്റ്റിസ് എന്‍.വി.രമണ അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് രൂപീകരിച്ചെങ്കിലും കേസില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കാന്‍ ഇതുവരെ ആയിട്ടില്ല.

'അഞ്ചുവര്‍ഷവും പത്ത് വര്‍ഷവും കഴിഞ്ഞാലും ഈ കേസ് തീര്‍പ്പാക്കുമെന്ന് തോന്നുന്നില്ല' - സുപ്രീം കോടതി അഭിഭാഷകന്‍ എംഎല്‍ ശര്‍മ്മ പറഞ്ഞു
 
370ാം അനുഛേദം റദ്ദാക്കിയതിനെതിരെ ഓഗസ്റ്റ് ആറിന് അഭിഭാഷകനായ എം.എല്‍.ശര്‍മ്മയാണ് സുപ്രീംകോടതിയില്‍ ആദ്യ ഹര്‍ജി നല്‍കിയത്. പിന്നാലെ ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്ന ഷാ ഫൈസലിന്റെ ഉള്‍പ്പടെ 23 ഹര്‍ജികള്‍ കൂടി എത്തി. ആദ്യം ചീഫ് ജസ്റ്റിസായിരുന്ന രഞ്ജന്‍ ഗൊഗോയിയാണ് കേസുകള്‍ പരിഗണിച്ചത്. പിന്നീട് ജസ്റ്റിസ് എന്‍.വി.രമണയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടന ബെഞ്ചിലേക്ക് മാറ്റി. 

ഭരണഘടനയുടെ 370ാം അനുഛേദത്തില്‍ ഭേദഗതി കൊണ്ടുവരാനോ, അത് റദ്ദാക്കാനോ ജമ്മുകശ്മീര്‍ നിയമസഭയുടെ അനുമതി വേണം. കേന്ദ്ര സര്‍ക്കാര്‍ അത് അട്ടിമറിച്ചുവെന്നായിരുന്നു ഹര്‍ജികളിലെ വാദം. 
കേസുകള്‍ ഏഴംഗ ബെഞ്ചിലേക്ക് വിടണമെന്ന ആവശ്യം ഫെബ്രുവരിയില്‍ തള്ളി. കൊവിഡ് നിയന്ത്രങ്ങളുടെ ഭാഗമായി മാര്‍ച്ച് അവസാനം സുപ്രീംകോടതി അടച്ചതിന് ശേഷം ഭരണഘടന ബെഞ്ച് ചേര്‍ന്നിട്ടില്ല.

ഇന്റര്‍നെറ്റ് നിരോധം നീക്കണമെന്നും മാധ്യമ സ്വാതന്ത്ര്യം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് മറ്റ് നിരവധി ഹര്‍ജികള്‍ കൂടി ഈ കാലയളവില്‍ വന്നു. ഇന്റര്‍നെറ്റ് മൗലിക അവകാശത്തിന്റെ ഭാഗമാണെന്നും നിരോധനം പിന്‍വലിക്കുന്നത് പരിശോധിക്കണമെന്നും കോടതി ഉത്തരവിട്ടു. എന്നാല്‍ 4 ജി ഇന്റര്‍നെറ്റ് സേവനത്തിനുള്ള നിരോധനം ഇപ്പോഴും തുടരുകയാണ്. ഭീകരാക്രമണങ്ങളുടെ പട്ടിക നിരത്തിയായിരുന്നു എല്ലാ കേസുകളെയും കേന്ദ്രം പ്രതിരോധിച്ചത്.