എസ് പി അധ്യക്ഷൻ അഖിലേഷ് യാദവിന് ഒപ്പമുള്ള ചിത്രവും അദ്ദേഹം പുറത്തുവിട്ടു. ട്വിറ്ററിൽ പ്രസാദ് മൗര്യ രാജിക്കത്ത് പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം രണ്ട് എംഎൽഎമാർ കൂടി രാജി പ്രഖ്യാപിച്ചു
ദില്ലി: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് (Uttar Pradesh election) തൊട്ടുമുമ്പ് ബിജെപിക്ക് (BJP) വൻ തിരിച്ചടി. മുതിർന്ന നേതാവും യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ മന്ത്രിയുമായ സ്വാമി പ്രസാദ് മൗര്യ (Swami Prasad Maurya ) അടക്കം നാല് എംഎൽഎമാർ പാർട്ടിവിട്ടു. ബിജെപി ഭരണത്തിൽ ഒബിസി, ദളിത് വിഭാഗങ്ങളും യുവാക്കളും അവഗണിക്കപ്പെടുകയാണെന്നും സമാജ് വാദി പാർട്ടിക്ക് ഒപ്പം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതായും മന്ത്രിസ്ഥാനം രാജിവെച്ച ശേഷം സ്വാമി പ്രസാദ് മൗര്യ വ്യക്തമാക്കി. തനിക്കൊപ്പം കൂടുതൽ എംഎൽഎമാരും പാർട്ടി വിടുമെന്ന് സ്വാമി പ്രസാദ് അറിയിച്ചു. എസ് പി അധ്യക്ഷൻ അഖിലേഷ് യാദവിന് ഒപ്പമുള്ള ചിത്രവും അദ്ദേഹം ട്വിറ്ററിലൂടെ പുറത്തുവിട്ടു.
പ്രസാദ് മൗര്യ ട്വിറ്ററിൽ രാജിക്കത്ത് പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം മൂന്ന് ബിജെപി എംഎൽഎമാർ കൂടി രാജി പ്രഖ്യാപിച്ചു. റോഷൻ ലാൽ വർമയും ഭഗവതി സാഗറും ബ്രജേഷ് പ്രതാപ് പ്രജാപതിയുമാണ് രാജിവെച്ചത്. സമാജ്വാദി പാർട്ടിക്ക് ഒപ്പം ചേർന്ന് പ്രവർത്തിക്കുമെന്നാണ് മൂവരും അറിയിച്ചത്.
ബിജെപി കോർ കമ്മിറ്റി യോഗം ദില്ലിയിൽ ചേരുന്നതിനിടെയാണ് സ്വാമി പ്രസാദ് മൗര്യയുടെയും എംഎൽഎമാരുടേയും രാജി. തീരുമാനം പുനപരിശോധിക്കണമെന്ന് സ്വാമി പ്രസാദ് മൗര്യയോട് ബിജെപി ആവശ്യപ്പെട്ടു. രാജിയുടെ കാരണം എന്താണെന്ന് അറിയില്ലെന്നും പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാമെന്ന് യുപി ഉപ മുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പ്രതികരിച്ചു.
പ്രചാരണ തന്ത്രങ്ങളൊരുക്കാനും യുപിയിലടക്കം സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതിനുമായാണ് ദില്ലിയില്‍ നിർണായക ബിജെപി കോര്‍ കമ്മിറ്റി യോഗം ചേരുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. യുപിയിലെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ബിജെപി ഉടൻ പ്രഖ്യാപിച്ചേക്കും.
