Asianet News MalayalamAsianet News Malayalam

സ്വാതന്ത്ര്യസമര സേനാനിയെ 'പാക് ഏജന്റ്' എന്നാക്ഷേപിച്ച് ബിജെപി എംഎൽഎ; കർണാടകത്തിൽ പ്രതിഷേധം ശക്തം

സംഭവത്തിൽ ബസനഗൗഡ മാപ്പ് പറയണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. എന്നാൽ പ്രസ്താവനയിൽ താൻ മാപ്പ് പറയില്ലെന്ന് ബസനഗൗഡ പാട്ടീൽ വ്യക്തമാക്കി. കോൺഗ്രസിന്റേയും ജെഡിഎസിന്റേയും വക്താവിനെപ്പോലെ സംസാരിക്കുന്ന ദൊരെസ്വാമിക്കെതിരേയുള്ള തന്റെ പ്രസ്താവന പിൻവലിക്കേണ്ട ആവശ്യമില്ലെന്നും ബസനഗൗഡ പറഞ്ഞു. 

BJP MLA Calls Freedom Fighter Pak Agent huge row in Karnataka
Author
Karnataka, First Published Mar 3, 2020, 12:17 PM IST
  • Facebook
  • Twitter
  • Whatsapp

ബെംഗളൂരു: കർണാടകത്തിലെ വന്ദ്യവയോധികനായ സ്വാതന്ത്ര്യസമര സേനാനി എച്ച്എസ് ദൊരെസ്വാമിയെ മുന്‍ കേന്ദ്രമന്ത്രിയും ബിജെപി എംഎൽഎയുമായ ബസനഗൗഡ പാട്ടീൽ യട്‌നൽ 'പാക് ഏജന്റ്' എന്നാക്ഷേപിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. 102 വയസ്സുള്ള ദൊരെസ്വാമിക്കെതിരെ ബസനഗൗഡ മോശം പരാമർശം നടത്തിയതിനെ തുടർന്ന് സംസ്ഥാന ബജറ്റ് സമ്മേളനത്തിന്റെ ആദ്യദിനം ബഹളത്തിൽ മുങ്ങി. മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺ​ഗ്രസ് നേതാവുമായ സിദ്ധരാമയ്യ നിയമസഭയിൽ ബസനഗൗഡയുടെ പരാമർശത്തെ വിമർശിച്ചു. ഇതിന് പിന്നാലെ നിയമസഭയിൽ ബഹളം പൊട്ടിപ്പുറപ്പെടുകയായിരുന്നു.

പ്രതിപക്ഷം സഭാ തളത്തിലിറങ്ങി പ്രതിഷേധിച്ചു. പ്രശ്നം അടിയന്തരമായി ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം നിയമസഭാ സ്പീക്കർ അംഗീകരിച്ചില്ല. മുൻകൂട്ടി നോട്ടിസ് നൽകാതെ പ്രതിപക്ഷ നേതാവ് പ്രശ്നം സഭയിൽ ഉന്നയിച്ചതിനെ ബിജെപി അംഗങ്ങൾ എതിർത്തു. ദൊരെസ്വാമി വ്യാജ സ്വാതന്ത്ര്യസമരസേനാനിയും പാകിസ്താൻ ഏജന്റാണെന്നുമാണ് ബസനഗൗഡ പാട്ടീൽ ആരോപിച്ചത്. ബസനഗൗഡയുടെ പരാമർശം ഭരണഘടനാവിരുദ്ധമാണെന്നും ദൊരെസ്വാമിയെ പോലുള്ളൊരു സ്വാതന്ത്രസമരസേനാനിയെ അവഹേളിക്കുന്നതിന് തുല്യമാണെന്നും കോൺ​ഗ്രസ് നേതാക്കൾ നിയമസഭയിൽ പറഞ്ഞു. ബസനഗൗഡയുടെ നിയമസഭാ അംഗത്വം റദ്ദാക്കണമെന്നും കോൺഗ്രസ് അംഗങ്ങൾ ആവശ്യപ്പെട്ടു.

സംഭവത്തിൽ ബസനഗൗഡ മാപ്പ് പറയണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. എന്നാൽ പ്രസ്താവനയിൽ താൻ മാപ്പ് പറയില്ലെന്ന് ബസനഗൗഡ പാട്ടീൽ വ്യക്തമാക്കി. കോൺഗ്രസിന്റേയും ജെഡിഎസിന്റേയും വക്താവിനെപ്പോലെ സംസാരിക്കുന്ന ദൊരെസ്വാമിക്കെതിരേയുള്ള തന്റെ പ്രസ്താവന പിൻവലിക്കേണ്ട ആവശ്യമില്ലെന്നും ബസനഗൗഡ പറഞ്ഞു. ബിജെപി അംഗങ്ങൾ ബസനഗൗഡ പാട്ടീലിനെ പിന്തുണച്ച് രംഗത്തെത്തുകയും ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സ്വതന്ത്ര്യസമര സേനാനി വീര സവാർക്കർക്കുമെതിരേ പരാമർശം നടത്തിയ ദൊരെസ്വാമിയെ സിദ്ധരാമയ്യയും കോൺഗ്രസും പിന്തുണയ്ക്കുന്നതിനെ മന്ത്രി സിടി രവി ചോദ്യം ചെയ്തു. ഭരണപക്ഷ അംഗങ്ങൾ ഒറ്റക്കെട്ടായി സിദ്ധരാമയ്യയുടെ ആവശ്യത്തെ എതിർക്കുകയും ചെയ്തു.

ക്വിറ്റ് ഇന്ത്യ സമരമടക്കം നിരവധി സമരങ്ങളിൽ പങ്കെടുത്ത സ്വാതന്ത്രസമര സേനാനിയാണ് ദൊരെസ്വാമി. ബ്രിട്ടീഷ് രാജിനെതിരായ നീക്കങ്ങളുടെ ഭാഗമായി ഫാക്ടറികളിൽ തൊഴിലാളികളെ സംഘടിപ്പിച്ച് സമരങ്ങൾ നടത്തുകയും ചെയ്തിരുന്നു. ബ്രിട്ടീഷുകാരുടെ ആശയവിനിമയ ഉപാധികളിൽ പ്രധാനമായിരുന്ന പോസ്റ്റൽ സർവ്വീസിനെ തടസ്സപ്പെടുത്താൻ ഇദ്ദേഹം പോസ്റ്റ്ബോക്സുകൾക്കും റെക്കോർഡ് റൂമുകൾക്കും ബോംബ് വയ്ക്കുകയുണ്ടായി. ഈ സംഭവങ്ങൾക്കു പിന്നാലെ പൊലീസിന്റെ പിടിയിലാവുകയും ദീർഘകാലം വിചാരണ കൂടാതെ ജയിലിൽ കഴിയേണ്ടി വരികയും ചെയ്തു. 1944ൽ സർക്കാർ രാഷ്ട്രീയത്തടവുകാരെ വിട്ടയച്ചപ്പോഴാണ് ഇദ്ദേഹത്തിന് പുറത്തിറങ്ങാനായത്.

ഇന്ത്യ സ്വതന്ത്രമായപ്പോൾ ഇന്ത്യൻ യൂണിയനിൽ ചേരാൻ വിസമ്മതിച്ച മൈസൂർ രാജാവിനെതിരെ ദൊരെസ്വാമി മാർച്ച് സംഘടിപ്പിച്ചു. ദൊരെസ്വാമി പ്രസിദ്ധീകരിച്ചിരുന്ന പുസ്തകങ്ങൾക്കും ലഘുലേഖകൾക്കുമെല്ലാം മൈസൂരിൽ നിരോധനം ഏർപ്പെടുത്തി. 50കളിൽ വിനോഭ ഭാവെയുടെ ഭൂദാനപ്രസ്ഥാനത്തിലും ഇദ്ദേഹം പങ്കാളിയായി. അടിയന്തിരാവസ്ഥക്കാലത്ത് ഏകാധിപത്യം തുടർന്നാൽ താൻ സമരം സംഘടിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ദൊരെസ്വാമി ഇന്ദിരാഗാന്ധിക്ക് കത്തെഴുതി. ഇതിന്റെ പേരിൽ ഇദ്ദേഹത്തെ സർക്കാർ ജയിലിലടച്ചിരുന്നു. ഇന്ന് പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള (സി‌എ‌എ) പ്രതിഷേധ സമരത്തില്‍ ദൊരെസ്വാമി പങ്കെടുക്കുകയും കേന്ദ്ര സർക്കാരിന്റെ നയങ്ങളെ  പരസ്യമായി അദ്ദേഹം വിമർശിക്കുകയും ചെയ്യാന്നുണ്ട്..   

Follow Us:
Download App:
  • android
  • ios