ദില്ലി: ബിജെപി നേതാവ് ഉമാഭാരതിയുടെ മരുമകനും പാര്‍ട്ടി എംഎല്‍എയുമായ രാഹുല്‍ സിംഗ് ലോധിയുടെ വാഹനമിടിച്ച് മൂന്ന് പേര്‍ മരിച്ചു. മധ്യപ്രദേശിലെ തിക്കംഗറില്‍ വെച്ചാണ് അപകടമുണ്ടായത്. ലോധിയുടെ എസ് യുവി മോട്ടോര്‍ ബൈക്കില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തെത്തുടര്‍ന്ന് രണ്ടു പേര്‍ തല്‍ക്ഷണവും ഗുരുതരമായി പരിക്കേറ്റ ഒരാള്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്.

ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. എന്നാല്‍ അപകടം നടക്കുന്ന സമയത്ത് വാഹനത്തിനുള്ളില്‍ എംഎല്‍എ ഉണ്ടായിരുന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. എന്നാല്‍ അതിനിടെ സംഭവം ആസൂത്രിതവും കെട്ടിച്ചമച്ചതുമാണെന്നും താനോ തന്‍റെ വാഹനമോ ഈ അപകടത്തില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നുമുള്ള വാദവുമായി എംഎല്‍എ രംഗത്തെത്തി. അപകടം നടക്കുന്ന സമയത്ത് സംഭവസ്ഥലത്തു നിന്നും 20 കിലോമീറ്റര്‍ അകലെയുള്ള ഒരു ഗ്രാമത്തിലായിരുന്നു താന്‍ ഉണ്ടായിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

'അപകടം നടക്കുമ്പോള്‍ ഫൂട്ടര്‍ എന്ന സ്ഥലത്തായിരുന്നു ഞാന്‍ ഉണ്ടായിരുന്നത്. അപകടത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ ഡ്രൈവറെ വിളിച്ച് കാര്യം തിരക്കി. അപകടം നേരില്‍ കണ്ടതായും രണ്ട് ഓട്ടോറിക്ഷകളും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം നടന്നത് എന്നുമാണ് ഡ്രൈവര്‍ തന്നോട് പറഞ്ഞതെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.