എംഎല്‍എയെ തല്ലിയതെന്ന് പറയപ്പെടുന്ന വയോധികനെ അടുത്തിരുത്തിയായിരുന്നു വാര്‍ത്താ സമ്മേളനം. പ്രതിപക്ഷം സംഭവത്തെ വളച്ചൊടിച്ച് തനിക്കെതിരെ പ്രചരിപ്പിക്കുകയാണെന്നും ഇത്തരം ഗിമ്മിക്കുകള്‍ കൊണ്ടൊന്നും തെരഞ്ഞെടുപ്പ് ജയിക്കാനാകില്ലെന്നും എംഎല്‍എ ആരോപിച്ചു. 

ലഖ്നൗ: ഉത്തര്‍പ്രദേശിലെ (Uttarpradesh) ഉന്നാവില്‍ കര്‍ഷകന്‍ മുഖത്തടിച്ച സംഭവത്തില്‍ വിശദീകരണവുമായി ബിജെപി എംഎല്‍എ പങ്കജ് ഗുപ്ത (Pankaj Gupta). ''വ്യാപകമായി പ്രചരിച്ച വീഡിയോയിലുള്ളത് എന്റെ ചാച്ചയാണ്. അദ്ദേഹം പതിവായി ചെയ്യാറുള്ളത് പോലെ എന്റെ കവിളില്‍ തലോടുക മാത്രമാണ് ചെയ്തത്''- എംഎല്‍എ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എംഎല്‍എയെ തല്ലിയതെന്ന് പറയപ്പെടുന്ന വയോധികനെ അടുത്തിരുത്തിയായിരുന്നു വാര്‍ത്താ സമ്മേളനം. പ്രതിപക്ഷം സംഭവത്തെ വളച്ചൊടിച്ച് തനിക്കെതിരെ പ്രചരിപ്പിക്കുകയാണെന്നും ഇത്തരം ഗിമ്മിക്കുകള്‍ കൊണ്ടൊന്നും തെരഞ്ഞെടുപ്പ് ജയിക്കാനാകില്ലെന്നും എംഎല്‍എ ആരോപിച്ചു. എംഎല്‍എയുമായി തനിക്ക് യാതൊരു പ്രശ്‌നമില്ലെന്ന് കര്‍ഷകന്‍ ഛത്രപാല്‍ പറഞ്ഞു. വേദിയില്‍ ബഹുമാനമില്ലാതെ ഇരുന്നപ്പോള്‍ മുതിര്‍ന്ന ആളെന്ന നിലയില്‍ കവിളില്‍ തലോടുക മാത്രമാണ് ചെയ്തതെന്നും ഛത്രപാല്‍ പറഞ്ഞു. 

കഴിഞ്ഞ ദിവസമാണ് തിങ്ങി നിറഞ്ഞ സദസിന് മുന്നിലെ വേദിയില്‍ വെച്ച് കര്‍ഷകനായ ഛത്രപാല്‍ എംഎല്‍എയെ മുഖത്തടിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചത്. ശഹീദ് ഗുലാബ് സിംഗ് ലോധി ജയന്തിയുടെ ഭാഗമായി നടന്ന പരിപാടിക്കിടെയാണ് കര്‍ഷകന്‍ എം.എല്‍.എയെ തല്ലിയതെന്നാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. 

Scroll to load tweet…

വേദിയിലേക്ക് കയറിവന്ന കര്‍ഷകന്‍ സദസ്സിലിരിക്കുന്ന എം.എല്‍.എയെ മുഖത്ത് അടിക്കുകയായിരുന്നു. ഉടന്‍ തന്നേ വേദിയിലുള്ളവര്‍ അദ്ദേഹത്തെ പിടിച്ചുമാറ്റി. വീഡിയോ സമാജ് വാദി പാര്‍ട്ടി അവരുടെ അക്കൗണ്ട് വഴി ട്വീറ്റ് ചെയ്തിരുന്നു. കര്‍ഷകന്റെ അടി ബി.ജെ.പി എം.എല്‍.എയുടെ മുഖത്തല്ല, യോഗി സര്‍ക്കാരിന്റെ ഏകാധിപത ്യനയങ്ങള്‍ക്കും ദുര്‍ഭരണത്തിനുമേറ്റ അടിയാണെന്ന് എസ് പി ആരോപിച്ചു.