പ്രാദേശിക നേതാക്കളൊപ്പം മാലൗട്ടില്‍ വാര്‍ത്താസമ്മേളനത്തിന് എത്തിയപ്പോഴാണ് കര്‍ഷകര്‍ എംഎല്‍എക്ക് നേരെ തിരിഞ്ഞത്. കറുത്ത മഷി ഒഴിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. 

ഛണ്ഡിഗഢ്: പഞ്ചാബില്‍ ബിജെപി എംഎല്‍എയെ ഒരുവിഭാഗം കര്‍ഷകര്‍ മര്‍ദ്ദിച്ചെന്ന് പൊലീസ്. അബോഹര്‍ എംഎല്‍എ അരുണ്‍ നാരംഗിനാണ് മര്‍ദ്ദനമേറ്റത്. പ്രാദേശിക നേതാക്കളൊപ്പം മാലൗട്ടില്‍ വാര്‍ത്താസമ്മേളനത്തിന് എത്തിയപ്പോഴാണ് കര്‍ഷകര്‍ എംഎല്‍എക്ക് നേരെ തിരിഞ്ഞത്. കറുത്ത മഷി ഒഴിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. എംഎല്‍എയെയും നേതാക്കളെയും പൊലീസ് പൊലീസ് സമീപത്തെ ഷോപ്പില്‍ ഒളിപ്പിച്ചെങ്കിലും പുറത്തിറങ്ങിയപ്പോള്‍ കര്‍ഷകര്‍ വീണ്ടും മര്‍ദ്ദിക്കുകയും എംഎല്‍എയുടെ വസ്ത്രം കീറുകയും ചെയ്‌തെന്ന് പൊലീസ് പറഞ്ഞു.

പൊലീസ് സുരക്ഷയോടെയാണ് പിന്നീട് ഇദ്ദേഹത്തെ രക്ഷപ്പെടുത്തിയത്. എംഎല്‍എയെ വാര്‍ത്താസമ്മേളനത്തിന് പ്രക്ഷോഭകര്‍ അനുവദിച്ചില്ല. പൊലീസുകാര്‍ക്കും നിസാര പരിക്കേറ്റു. തന്നെ ചിലര്‍ മര്‍ദ്ദിക്കുകയും ഷര്‍ട്ട് കീറുകയും ചെയ്‌തെന്ന് എംഎല്‍എ ആരോപിച്ചു. എംഎല്‍എ ശാരീരിക ആക്രമണത്തിന് ഇരയായെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് ദര്‍ശന്‍ പാല്‍ വ്യക്തമാക്കി. 

Scroll to load tweet…

സംഭവത്തെ അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു. സംഭവത്തെ അപലപിച്ച് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങും രംഗത്തെത്തി. സംസ്ഥാന സര്‍ക്കാറിനെതിരെ ബിജെപി രംഗത്തെത്തി. സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്നതിന്റെ തെളിവാണ് സംഭവമെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി തരുണ്‍ ചുങ് പറഞ്ഞു. എംഎല്‍എക്കെതിരെ വധശ്രമമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബില്‍ വിവിധിയിടങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം തുടരുകയാണ്.

സംഭവത്തിന്റെ വീഡിയോ

YouTube video player