''നിങ്ങൾ സൂക്ഷിച്ചോളൂ, കാരണം ജനസംഖ്യയുടെ 80 ശതമാനം ഞങ്ങളാണ്. നിങ്ങള്‍ വെറും 15 ശതമാനം. അതായത് നിങ്ങള്‍ വെറും ന്യൂനപക്ഷമാണ്. നിങ്ങൾക്കെതിരെ ഭൂരിപക്ഷമുള്ള ഞങ്ങൾ തെരുവിലിറങ്ങിയാൽ എന്ത് സംഭവിക്കുമെന്ന കാര്യം നിങ്ങൾ ചിന്തിച്ചു നോക്കണമെന്നാണ് ഞാൻ ആ​ഗ്രഹിക്കുന്നത്.''

ബെംഗളൂരു: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധമുയർത്തിയവരെ ഭീഷണിപ്പെടുത്തി എംഎൽഎ സോമശേഖർ റെ‍ഡ്ഡി. കര്‍ണാടകയില്‍നിന്നുള്ള ബി.ജെ.പി. എം.എല്‍.എ.യാണ് സോമശേഖര്‍ റെഡ്ഡി. ഭൂരിപക്ഷ സമുദായാംഗങ്ങള്‍ ന്യൂനപക്ഷത്തിനെതിരെ തെരുവിലിറങ്ങിയാൽ എന്താണുണ്ടാകുക എന്ന് ചിന്തിച്ചു നോക്കണമെന്നായിരുന്നു പ്രതിഷേധക്കാരോട് എംഎൽഎയുടെ ഭീഷണി.

നിങ്ങൾ സൂക്ഷിച്ചോളൂ, കാരണം ജനസംഖ്യയുടെ 80 ശതമാനം ഞങ്ങളാണ്. നിങ്ങള്‍ വെറും 15 ശതമാനം. അതായത് നിങ്ങള്‍ വെറും ന്യൂനപക്ഷമാണ്. നിങ്ങൾക്കെതിരെ ഭൂരിപക്ഷമുള്ള ഞങ്ങൾ തെരുവിലിറങ്ങിയാൽ എന്ത് സംഭവിക്കുമെന്ന കാര്യം നിങ്ങൾ ചിന്തിച്ചു നോക്കണമെന്നാണ് ഞാൻ ആ​ഗ്രഹിക്കുന്നത്. വെള്ളിയാഴ്ച വടക്കന്‍ കര്‍ണാടകയിലെ ബെല്ലാരിയില്‍ റാലിയില്‍ പങ്കെടുക്കവേയാണ് സോമശേഖര്‍ റെഡ്ഡി ഇപ്രകാരം പറഞ്ഞത്. പ്രതിപക്ഷ പാർട്ടിയായ കോൺ​ഗ്രസ് ജനങ്ങളുടെ മനസ്സ് മലിനമാക്കി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

'പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വ രജിസ്റ്ററും കൊണ്ടുവന്നത് മോദിയും അമിത് ഷായുമാണ്. നിങ്ങള്‍ ഈ നിയമങ്ങള്‍ക്കെതിരെ നിന്നാല്‍ അത് ശുഭകരമായിരിക്കില്ല'- സോമശേഖര്‍ റെഡ്ഡി കൂട്ടിച്ചേര്‍ത്തു. പൗരത്വ നിയമ ഭേദ​ഗതിയെ എതിർക്കുന്നവർ വിദ്യാഭ്യാസമില്ലാത്ത പഞ്ചർകടയുടമകളാണെന്ന ബിജെപി എംപി തേജസ്വി സൂര്യയുടെ വാക്കുകൾ ശരിയാണെന്നും സോമശേഖർ റെ‍‍ഡ്ഡി പറഞ്ഞു.

Scroll to load tweet…

നിരക്ഷരരായ പഞ്ചർകട ഉടമകളാണ് പൗരത്വ നിയമ ഭേദ​ഗതിയെ തെരുവിലിറങ്ങി എതിർക്കുന്നത് എന്നായിരുന്നു തേജസ്വി സൂര്യയുടെ വിവാദ പ്രസ്താവന. പൊതുമുതൽ നശിപ്പിക്കുന്നവർ ഉത്തർ‌പ്രദേശിലെ അത് അനുഭവത്തിലൂടെ കടന്നു പോകേണ്ടി വരുമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. അതേസമയം സോമശേഖര റെഡ്ഡിയുടെ പ്രസ്താവനയ്‌ക്കെതിരെ കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കള്‍ പോലീസില്‍ പരാതി നല്‍കി.