ലഖ്നൗ: ഇന്ത്യയും പാകിസ്ഥാനും മുസ്ലീങ്ങളെ കൈമാറ്റം ചെയ്യുന്നതിന് പദ്ധതി തയ്യാറാക്കണമെന്ന് ബിജെപി എംഎല്‍എ വിക്രം സെയ്നി. ഇന്ത്യ പുറത്താക്കുന്ന മുസ്ലീങ്ങളെ സ്വീകരിക്കാന്‍ സിഎഎ മാതൃകയില്‍ പാകിസ്ഥാനും നിയമ നിര്‍മാണം നടത്തണമെന്ന് വിക്രം സെയ്നി പറഞ്ഞു.  എംഎല്‍എയുടെ പരാമര്‍ശം വാര്‍ത്തയായതോടെ വിവാദമായി. ഇന്ത്യയില്‍ നിന്ന് പുറത്തുപോകുന്ന മുസ്ലീങ്ങള്‍ക്ക് പൗരത്വം നല്‍കാന്‍ പാകിസ്ഥാന്‍ തയ്യാറാകണം. പാകിസ്ഥാനില്‍ പീഡിപ്പിക്കപ്പെടുന്ന ഹിന്ദുക്കളെ ഇന്ത്യ സ്വീകരിക്കുമെന്നും എംഎല്‍എ പറഞ്ഞു.

ഖതൗലി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎല്‍എയാണ് വിക്രം സെയ്നി. എംഎല്‍എയുടെ പ്രസ്താവനക്കെതിരെ സോഷ്യല്‍മീഡിയയില്‍ വിമര്‍ശനവും പരിഹാസവുമായി ആളുകള്‍ രംഗത്തുവന്നു. ചിലര്‍ എംഎല്‍എയുടെ നിര്‍ദേശത്തെ സ്വാഗതം ചെയ്തു. കഴിഞ്ഞ ദിവസമാണ് പൗരത്വ നിയമ ഭേദഗതി നിയമം നടപ്പാക്കാന്‍ കേന്ദ്രം വിജ്ഞാപനം ഇറക്കിയത്. പൗരത്വ നിയമ ഭേദഗതി നടപ്പാക്കുമെന്ന് ഉറപ്പിച്ച് തന്നെയാണ് കേന്ദ്രം മുന്നോട്ട് പോകുന്നത്. അതേസമയം, പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരം തുടരുകയാണ്. സിഎഎയെ ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജികളില്‍ 22ന് വാദം കേള്‍ക്കും.