മുംബൈ: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് യാത്ര ചെയ്ത ബിജെപി നേതാവിനെതിരെ കേസെടുത്ത് മുംബൈ പൊലീസ്. കുടിയേറ്റ തൊഴിലാളികളെ പോലീസ് തടങ്കലിൽ വെച്ചതിൽ പ്രതിഷേധിച്ച് ബീഡ് സ്വദേശിയും ബിജെപി ലെജിസ്ലേറ്റീവ്  കൌണ്‍സില്‍ (എം‌എൽ‌സി) അംഗം സുരേഷ് ദാസിനെതിരെയാണ്  പൊലീസ് കേസെടുത്തത്. 

ബീഡ് ജില്ലയില്‍ താമസിക്കുന്ന സുരേഷ് ദാസ് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് തൊട്ടടുത്ത ജില്ലയായ  അഹമ്മദ്‌നഗറിലേക്ക് പോയതിനാണ്  കേസെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി. ബീഡ് ജില്ലിയലെ അഷ്ടി ടൌണില്‍ നിന്നും അഹമ്മദ്‌നഗറിലേക്ക് പോയ കുടിയേറ്റ കരിമ്പ്‌ തൊഴിലാളികളെ ഖേദ്‌ ഗ്രാമത്തിൽ വെച്ച് വ്യാഴാഴ്ച പുലർച്ചെ പൊലീസ് തടഞ്ഞിരുന്നു. തൊഴിലാളികളെ പൊലീസ് തടഞ്ഞതറിഞ്ഞാണ് താന്‍ അഹമ്മദ് നഗറിലേക്ക് പോയതെന്നാണ് സുരേഷ് ദാസ് പറയുന്നത്. 

പൊലീസിനെ വെട്ടിച്ച് മെയില്‍ റോഡ് ഉപയോഗിക്കാതെ ഗ്രാമവഴികളിലൂടെയാണ് ബിജെപി സുരേഷ് ദാസ് അഹമ്മദ്നഗറിലേക്ക് പോയത്. കൊവിഡ് -19 ന്റെ വ്യാപനത്തിന് കാരണമായേക്കാവുന്ന അശ്രദ്ധമായ പ്രവൃത്തിക്ക് ദുരന്തനിവാരണ നിയമ പ്രകാരവും  ഐപിസി പ്രകാരം അഷ്ടി പൊലസ് ദാസിനെതിരെ കേസെടുത്തു.