Asianet News MalayalamAsianet News Malayalam

ഗാന്ധിജിയെ ആക്ഷേപിച്ച് ബിജെപി മുൻ കേന്ദ്രമന്ത്രി; സ്വാതന്ത്ര്യ സമരം നാടകമായിരുന്നുവെന്ന് അനന്ത് കുമാർ ഹെഗ്ഡെ

ഹെഗ്ഡെയുടെ പ്രസ്താവനയോട്  കർണാടക ബിജെപി നേതൃത്വം അകലം പാലിച്ചു, പാർട്ടി ഈ പ്രസ്താവനയോടെ യോജിക്കുന്നില്ലെന്നാണ് വിശദീകരണം. ആർഎസ്എസിന് മഹാത്മ ഗാന്ധിയോട് വലിയ ബഹുമാനമാണെന്നും ഇത്തരം വിലകുറഞ്ഞ പ്രസ്താവനകളോട് യോജിക്കുന്നില്ലെന്നും ബിജെപി വക്താവ് ജി മധുസൂദനൻ വ്യക്തമാക്കി. 

BJP MP Anantkumar Hegde insults Mahatma Gandhi says freedom struggle was staged
Author
Bengaluru, First Published Feb 2, 2020, 9:35 PM IST

ബെംഗളൂരു: മഹാത്മാഗാന്ധിയെ അധിക്ഷേപിച്ച് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അനന്ത് കുമാർ ഹെഗ്ഡെ. സ്വാതന്ത്ര്യ സമരം നാടകമായിരുന്നുവെന്നും, ഗാന്ധിജിയുടെ സത്യഗ്രഹം ബ്രിട്ടീഷുകാരുമായുള്ള ഒത്തുകളിയായിരുന്നുവെന്നും നിലവിൽ ലോക്സഭാംഗമായ ഹെഗ്ഡെ ഒരു പൊതുപരിപാടിയിൽ വച്ച് പ്രസ്താവിച്ചു. ഗാന്ധി വധത്തിൽ ആർ എസ് എസിന് പങ്കില്ലെന്നും ഹെഗ്‌ഡെ കൂട്ടിച്ചേർക്കുകയുണ്ടായി.

ഒരു നേതാക്കളും പൊലീസിന്‍റെ അടി കൊണ്ടിട്ടില്ലെന്നും, ഇന്ത്യൻ സ്വാതന്ത്ര്യ സമരം പൂർണ്ണമായും നാടകമായിരുന്നുവെന്നുമാണ് അനന്ത്കുമാർ പറഞ്ഞത്. ബ്രിട്ടിഷുകാരുടെ അനുമതിയോട് കൂടി നേതാക്കൾ അരങ്ങേറിയ നാടകമായിരുന്നുവിതെന്നും സ്വാതന്ത്ര്യ സമരം അഡ്ജസ്റ്റ്മെന്‍റായിരുന്നുവെന്നും പറഞ്ഞ അനന്ത്കുമാർ ഗാന്ധിജിയുടെ സത്യഗ്രഹ സമരത്തെയും നാടകമെന്ന് അധിക്ഷേപിച്ചു. 

ഈ കോൺഗ്രസുകാർ സത്യഗ്രഹ സമരം മൂലമാണ് ഇന്ത്യക്ക് സ്വാതന്ത്യം കിട്ടിയതെന്ന് പറഞ്ഞു നടക്കുന്നത് കള്ളമാണെന്നും ബ്രിട്ടീഷുകാർ പോയത് അത് കൊണ്ടൊന്നും അല്ലെന്നും ഹെഗ്ഡെ പറഞ്ഞതായാണ് റിപ്പോർട്ട്. 

ഹെഗ്ഡെയുടെ പ്രസ്താവനയോട്  കർണാടക ബിജെപി നേതൃത്വം അകലം പാലിച്ചു, പാർട്ടി ഈ പ്രസ്താവനയോടെ യോജിക്കുന്നില്ലെന്നാണ് വിശദീകരണം. ആർഎസ്എസിന് മഹാത്മ ഗാന്ധിയോട് വലിയ ബഹുമാനമാണെന്നും ഇത്തരം വിലകുറഞ്ഞ പ്രസ്താവനകളോട് യോജിക്കുന്നില്ലെന്നും ബിജെപി വക്താവ് ജി മധുസൂദനൻ വ്യക്തമാക്കി. 

ഹെഗ്ഡെ വിവാദ പരാമർശങ്ങൾ നടത്തി മാധ്യമശ്രദ്ധ നേടുവാൻ ശ്രമിക്കുകയാണെന്നായിരുന്നു കോൺഗ്രസ് പ്രതികരണം. ഇപ്പോൾ അയാൾ മന്ത്രിയല്ലെന്നും, പ്രധാനമന്ത്രിയുടെ ശ്രദ്ധ പിടിച്ചുപറ്റാനാണ് ഇത്തരം അബദ്ധ പ്രസ്താവനകൾ നടത്തുന്നതെന്നും കോൺഗ്രസ് എംഎൽഎ പ്രിയങ്ക് ഖാർഗെ പറഞ്ഞു. ഖാർഗയെ ഭ്രാന്താലയത്തിലേക്ക് അയക്കണമെന്നായിരുന്നു കോൺഗ്രസ് വക്താവ് വിഎസ് ഉഗ്രപ്പയുടെ പ്രതികരണം.

2014-19 കാലയളവിൽ മോദി മന്ത്രിസഭയിൽ നൈപുണ്യ വികസന മന്ത്രിയായിരുന്ന ഹെഗ്ഡെ നേരത്തെയും ഇത്തരം പ്രസ്താവനകളിലൂടെ വിവാദമുണ്ടാക്കിയിട്ടുണ്ട്. ഗാന്ധിജി മുസ്ലീം പിതാവിന്‍റെയും ക്രിസ്ത്യൻ മാതാവിന്‍റെയും മകനായി ജനിക്കുകയും ബ്രാഹ്മണനാണെന്ന് അവകാശപ്പെടുകയും ചെയ്തയാളാണെന്നും ഹെഗ്ഡെ മുമ്പ് പറഞ്ഞിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios