ബിജെപിക്ക് ബംഗാളിൽ ഭാവിയില്ലെന്ന് അർജുൻ സിംഗ്, തൃണമൂലിൽ മടങ്ങിയെത്തുന്നത് മൂന്ന് വർഷത്തിന് ശേഷം
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപിക്ക് വീണ്ടും തിരിച്ചടി. ബിജെപി ബംഗാൾ ഘടകം മുൻ ഉപാധ്യക്ഷൻ അർജുൻ സിംഗ് എംപി തൃണമൂൽ കോൺഗ്രസിൽ ചേർന്നു. ബിജെപിക്ക് ബംഗാളിൽ ഭാവിയില്ലെന്നാരോപിച്ചാണ് അർജുൻ സിംഗിന്റെ ചുവടുമാറ്റം. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് അർജുൻ സിംഗ് തൃണമൂൽ വിട്ട് ബിജെപിയിലേക്ക് ചേക്കേറിയത്. ബാരക്പൂറിനെ പ്രതിനിധീകരിച്ചിരുന്ന സിംഗിന്, തൃണമൂൽ സീറ്റ് നിഷേധിച്ചിരുന്നു. ഇതേതുടർന്ന് പാർട്ടിവിട്ട അദ്ദേഹം ബിജെപി അംഗത്വം സ്വീകരിക്കുകയും ബാരക്പൂറിൽ മത്സരിച്ച് ജയിക്കുകയും ചെയ്തു.
എന്നാൽ അടുത്തിടെ ബിജെപി കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങളുമായി അത്ര രസത്തിലായിരുന്നില്ല അർജുൻ സിംഗ്. ചണത്തിന്റെ താങ്ങുവിലയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തിയ അദ്ദേഹം പിന്നാലെ സംസ്ഥാന നേതൃത്വം തന്നെ വിശ്വാസത്തിലെടുക്കുന്നില്ല എന്ന ആരോപണവും ഉന്നയിച്ചു. ഒപ്പം തൃണമൂൽ നേതൃത്വവുമായി ചർച്ചകളും തുടങ്ങിവച്ചിരുന്നു. അർജുൻ സിംഗിനെ അനുനയിപ്പിക്കാൻ ബിജെപി ശ്രമിച്ചെങ്കിലും പഴയ തട്ടകത്തിലേക്ക് അദ്ദേഹം മടങ്ങുകയായിരുന്നു. അച്ഛന്റെ പാത പിന്തുടർന്ന് അർജുൻ സിംഗിന്റെ മകനും ഭാട്ട്പര എംഎൽഎയുമായ പവൻ സിംഗും ബിജെപി ബന്ധം ഉപേക്ഷിച്ചിട്ടുണ്ട്.
ബാബുൽ സുപ്രിയോക്ക് ശേഷം ബംഗാളിൽ പാർട്ടി വിടുന്ന രണ്ടാമത്തെ പാർലമെന്റ് അംഗമാണ് അർജുൻ സിംഗ്. തൃണമൂലിൽ എത്തിയ സുപ്രിയോ, ബാലിഗഞ്ച് ഉപതെരഞ്ഞെടുപ്പിൽ ജയിച്ച് എംഎൽഎ ആയിരുന്നു.
