ദില്ലി: ലോക്ഡൗൺ ലംഘിച്ച് ബിജെപി എംപിയും ദില്ലി അധ്യക്ഷനുമായ മനോജ് തിവാരിയുടെ ക്രിക്കറ്റ് കളി. ഹരിയാനയിലെ സോനിപത്തിലെ സ്വകാര്യ സ്റ്റേഡിയത്തിലാണ് സാമൂഹിക അകലം പാലിക്കാതെ എംപിയുടെ ക്രിക്കറ്റ് കളി. ക്രിക്കറ്റ് മാച്ചിന് പിന്നാലെ മാസ്ക് ധരിക്കാതെ സ്റ്റേഡിയത്തിൽ എംപിയുടെ ഫോട്ടോ സെഷനും നടന്നു. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങളടക്കം പുറത്ത് വന്നതോടെ സമൂഹ മാധ്യമങ്ങളിൽ എംപിക്കെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. എന്നാൽ മാനദണ്ഡങ്ങൾ പാലിച്ചാണ് ക്രിക്കറ്റ് കളി സംഘടിപ്പിച്ചെതെന്ന് സംഘാടകര്‍ നല്‍കുന്ന വിശദീകരണം. 

കൊവിഡ് വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ഡൗൺ നാലാം ഘട്ടത്തിലാണ്. കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ദിവസേനെ രാജ്യത്ത് ഉണ്ടാകുന്നത്. സാമൂഹിക അകലം പാലിക്കണമെന്നും മാസ്ക്ക് ധരിക്കണമെന്നുമുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ദിവസേനെ ആരോഗ്യപ്രവര്‍ത്തകരും സര്‍ക്കാരും ആവശ്യപ്പെടുന്നതിനിടെയാണ് ബിജെപി എംപിയുടെ നിയമലംഘനം.